05:40 am 1/4/2017
തിരുവനന്തപുരം: എൻസിപി എംഎൽഎ തോമസ് ചാണ്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. എ.കെ.ശശീന്ദ്രൻ കൈകാര്യം ചെയ്തിരുന്ന ഗതാഗതവകുപ്പ് തന്നെ തോമസ് ചാണ്ടിയും കൈകാര്യം ചെയ്യും.
വെള്ളിയാഴ്ച ചേർന്ന അടിയന്തര ഇടതുമുന്നണി യോഗമാണു കുട്ടനാട്ടിൽനിന്നുള്ള എംഎൽഎയായ തോമസ് ചാണ്ടിയെ മന്ത്രിയാക്കാൻ തീരുമാനിച്ചത്. മന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രൻ ഫോണ്‍വിളി സംബന്ധിച്ചു ടിവി ചാനലിൽ വന്ന വാർത്തയെത്തുടർന്നു രാജിവച്ച സാഹചര്യത്തിൽ തോമസ് ചാണ്ടിയെ മന്ത്രിയാക്കാൻ കഴിഞ്ഞ ദിവസം ചേർന്ന എൻസിപി നേതൃയോഗവും തീരുമാനിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണു ഇടതുമുന്നണി തീരുമാനം. തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതിൽ എൻസിപി ദേശീയ നേതൃത്വത്തിന് എതിർപ്പുണ്ടായിരുന്നെങ്കിലും പാർട്ടി സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാടാണ് അദ്ദേഹത്തിനു തുണയായത്.
മൂന്നാം തവണയാണ് തോമസ് ചാണ്ടി കുട്ടനാട്ടിൽനിന്ന് എംഎൽഎയാകുന്നത്. പിണറായി മന്ത്രിസഭ അധികാരമേറ്റപ്പോൾ രണ്ട് എംഎൽഎമാർ മാത്രമുള്ള എൻസിപിയിൽ മന്ത്രിസ്ഥാനത്തേക്കു തർക്കമുണ്ടായെങ്കിലും പാർട്ടിയുടെ ദേശീയ-സംസ്ഥാന നേതൃത്വങ്ങളുടെ പിന്തുണയോടെ എ.കെ. ശശീന്ദ്രൻ മന്ത്രിയാകുകയായിരുന്നു. രണ്ടര വർഷം ശശീന്ദ്രനും ബാക്കി രണ്ടര വർഷം തോമസ് ചാണ്ടിയും മന്ത്രിയാകുമെന്നായിരുന്നു അന്ന് എൻസിപിയിലെ ധാരണ. ഇത് പിന്നീട് കേന്ദ്ര നേതൃത്വംതന്നെ നിഷേധിച്ചിരുന്നു.