07:00 pm 1/4/2017
മൂലമറ്റം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ലോ ഫ്ളോർ ബസിന് തീപിടിച്ചു. യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. തീപിടുത്തത്തിൽ ബസ് പൂർണമായും കത്തി നശിച്ചു. ശനിയാഴ്ച രാവിലെ ഒൻപതരയോടെ തൊടുപുഴ-പുളിയൻമല സംസ്ഥാന പാതയിൽ കുരുതിക്കളം ആറാം ഹെയർപിൻ വളവിനു സമീപമായിരുന്നു സംഭവം.
തൊടുപുഴയിൽ നിന്നും കട്ടപ്പനയിലേയ്ക്കു പോയ ബസിനാണ് തീപിടിച്ചത്. എൻജിനിൽ നിന്നും പുക ഉയരുന്നതുകണ്ട് ഡ്രൈവർ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കി സുരക്ഷിതരാക്കുകയായിരുന്നു. യാത്രക്കാർ ഇറങ്ങിയ ഉടൻ തന്നെ ബസിൽ തീപടരുകയായിരുന്നു. മൂലമറ്റത്തു നിന്നും ഫയർഫോഴ്സ് എത്തി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ബസ് പൂർണമായും കത്തി നശിച്ചു.

