യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ കാതോലിക്കാദിനം കൊണ്ടാടി

08:15 am 4/4/2017


ഏപ്രില്‍ രണ്ടാം തീയതി വലിയ നോമ്പിന്റെ മുപ്പത്താറാം ഞായറാഴ്ച കാതോലിക്കാ ദിനം പൂര്‍വ്വാധികം ഭംഗിയായി യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ആചരിച്ചു. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന പൊതുസമ്മേളനത്തില്‍ വികാരി ബഹുമാനപ്പെട്ട ചെറിയാന്‍ നീലാങ്കല്‍ കോര്‍എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു.

സഭാ വിശ്വാസത്തില്‍ സഭാംഗങ്ങള്‍ ഉറച്ചു നില്‍ക്കണമെന്ന് അച്ചന്‍ ഇടവകക്കാരെ ഓര്‍മ്മിപ്പിച്ചു. പൂര്‍ണ്ണ സ്വാതന്ത്ര്യത്തില്‍ വളരുന്ന സഭയാണ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളികളെന്നും, 1912-ലെ കത്തോലിക്കാ സിംഹാസന സ്ഥാപനം അതിന്റെ തെളിവാണെന്നും തോമസ് മാത്യു തന്റെ പ്രസംഗത്തില്‍ അനുസ്മരിച്ചു. മലങ്കര സഭ ദേശീയ വ്യക്തിത്വം ഉള്ള സഭയാണെന്നും അന്തര്‍ദേശീയ സഭകളുടെ അംഗീകാരം ഉള്ള സഭയാണെന്നം അദ്ദേഹം എടുത്തുപറയുകയുണ്ടായി.

പള്ളി ജോയിന്റ് സെക്രട്ടറി പ്രിന്‍സി പതിക്കല്‍ സഭയോട് കൂറ് പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയം അവതരിപ്പിക്കുകയും ഇടവകക്കാര്‍ എഴുന്നേറ്റ് നിന്ന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. കാതോലിക്കാ മംഗള ഗാനത്തോടെ പരിപാടികള്‍ സമാപിച്ചു.

വാര്‍ത്ത അയച്ചത് പള്ളി പി.ആര്‍.ഒ മാത്യു ജോര്‍ജ്.