ഫോണ്‍വിളി വിവാദത്തെ തുടര്‍ന്ന് അറസ്റ്റിലായി അഞ്ച് പ്രതികളെ റിമാന്റ് ചെയ്തു.

07:36 am 6/4/2017

തിരുവനന്തപുരം: മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ഫോണ്‍വിളി വിവാദത്തെ തുടര്‍ന്ന് അറസ്റ്റിലായി അഞ്ച് പ്രതികളെ റിമാന്റ് ചെയ്തു. ഇന്നലെ രാത്രി അറസ്റ്റ് ചെയ്യപ്പെട്ട മംഗളം ചാനല്‍ സി.ഇ.ഒ അജിത് കുമാര്‍ അടക്കം അഞ്ച് പേരെയാണ് ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തത്. ഇവരുടെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം നോട്ടീസ് നല്‍കിയതനുസരിച്ച് ഇന്നലെ രാവിലെയാണ് പ്രതികള്‍ പൊലീസ് ആസ്ഥാനത്ത് ഹാജരായത്. 12 മണിക്കൂറോളെ ചോദ്യം ചെയ്ത ശേഷം അഞ്ച് മാധ്യമ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അജിത് കുമാറിനെ കൂടാതെ ഇന്‍വെസ്റ്റിഗേഷന്‍ ടീം ലീഡര്‍ ജയചന്ദ്രന്‍, ന്യൂസ് എഡിറ്റര്‍മാരായ എസ്.വി പ്രദീപ്, ഫിറോസ് സാലി മുഹമ്മദ്, എം.ബി സന്തോഷ് എന്നിവരെയാണ് ഇന്നലെ അറസ്റ്റു ചെയ്തത്.
അതേ സമയം എ.കെ ശശീന്ദ്രന്‍ ശശീന്ദ്രന്‍ നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയതായി കാണിച്ച് കേസില്‍ പ്രതിപ്പട്ടികയുലുള്ള ഒരു വനിതാ മാധ്യമ പ്രവര്‍ത്തക ഇന്ന് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തു. തിരുവനന്തപുരം സി ജെ എം കോടതിയിലാണ് മാധ്യമപ്രവര്‍ത്തക പരാതി നല്‍കിയത്. നിരന്തരം ശല്യപ്പെടുത്തി, അശ്ലീല സംഭാഷണം നടത്തി തുടങ്ങിയ കാര്യങ്ങളാണ് പരാതിയിലുള്ളത്. ഫോണ്‍ വിളി കേസില്‍ പ്രതിയായ മാധ്യമപ്രവര്‍ത്തകയാണ് ശശീന്ദ്രനെതിരെ പരാതി നല്‍കിയത്. കോടതിയില്‍ പരാതി നല്‍കിയ മാധ്യമപ്രവര്‍ത്തകയുടെ മൊഴി രേഖപ്പെടുത്തി.