വാഷിംഗ്ടൺ: സിറിയയിൽ വിമത നിയന്ത്രണത്തിലുള്ള ഇഡ്ലിബ് പ്രവിശ്യയിലെ ഖാൻ ഷെയ്ക്കുൻ പട്ടണത്തിൽ വിമാനത്തിൽനിന്നുള്ള വിഷവാതക(രാസായുധം) പ്രയോഗത്തിൽ സ്ത്രീകളും കുട്ടികളും അടക്കം 70 പേർക്കു ജീവഹാനി നേരിട്ട സംഭവത്തിൽ നിലപാടു കടുപ്പിച്ച് അമേരിക്ക. സിറിയൻ ഭരണകൂടത്തിനു മാപ്പില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്യവേയാണ് ട്രംപ് സിറിയൻ പ്രസിഡന്‍റ് ബാഷർ അൽ അസദിനെ അതിരൂക്ഷമായി വിമർശിച്ചത്.
നീതീകരക്കാനാവാത്ത സംഭവമാണ് നടന്നതെന്നു കുറ്റപ്പെടുത്തിയ ട്രംപ് ഈ സംഭവത്തോടെ അസദിനോടുള്ള തന്‍റെ നിലപാടുകളിൽ മാറ്റമുണ്ടാകുമെന്നും മുന്നറിയിപ്പു നൽകി. രാസായുധ ആക്രമണമല്ല ഉണ്ടായിട്ടുള്ളത് എന്ന അസദിന്‍റെ വാദം പരിഹാസ്യമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. സിറിയൻ ഭരണകൂടത്തിനെതിരെ എന്തു നടപടിയെടുക്കാനാകുമെന്ന് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.