06:42 pm 7/4/2017
ന്യൂഡൽഹി: ഇന്ത്യയും ഇസ്രയേലും 200 കോടി (രണ്ട് ബില്യണ്‍) ഡോളറിന്റെ മിസൈല്‍ കരാറില്‍ ഒപ്പുവച്ചു. കരാറിന്റെ ഭാഗമായി ഇന്ത്യക്ക് അത്യാധുനിക ദീര്‍ഘദൂര മിസൈലുകളും ആയുധങ്ങളും ഇസ്രയേല്‍ കൈമാറും. ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറാണിത്.
ഡിഫെന്‍സ് റിസര്‍ച്ച് ആന്റ് ഡെവലെപ്മെന്റ് ഓര്‍ഗനൈസേഷനും ഇസ്രയേല്‍ എയ്റോസ്പേസ് ഇന്ഡസ്ട്രീസുമാണ് കരാറില്‍ ഒപ്പുവച്ചത്. ഇന്ത്യന്‍ പ്രതിരോധമേഖലയ്ക്ക് മുതല്‍ക്കൂട്ടാവുന്ന സുപ്രധാന കരാറാണിത്. അത്യാധുനിക മിസൈലുകളും ലോഞ്ചറുകളും സാങ്കേതിക വാര്‍ത്താവിനിമയ സംവിധാനങ്ങളും ഇസ്രയേല്‍ ഇന്ത്യക്ക് കൈമാറും. ശത്രുവിമാനങ്ങളെ തകര്‍ക്കാന്‍ കരയില്‍ നിന്ന് വിക്ഷേപിക്കാവുന്ന ദീര്‍ഘദൂര മിസൈലുകളാണ് ഇതില്‍ പ്രധാനം.
കൊച്ചി കപ്പൽശാലയിൽ നിര്‍മാണത്തിലിരിക്കുന്ന ഇന്ത്യയുടെ ആദ്യ തദ്ദേശീയ ഐഎന്‍എസ് വിക്രാന്തിലാകും മിസൈലുകള്‍ സ്ഥാപിക്കുക. 16 ലോഞ്ചറുകളും 500 മിസൈലുകളും ദീര്‍ഘദൂര ഡ്രോണുകളും ഇന്ത്യക്ക് കൈമാറും. പ്രതിരോധ ഉപകരണങ്ങളും സാങ്കേതിക വിദ്യയും വികസിപ്പിക്കുന്ന റാഫേലുമായും ഇന്ത്യ കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. ഈ വര്‍ഷം ജൂലൈയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേല്‍ സന്ദര്‍ശിക്കാനിരിക്കെയാണ് സുപ്രധാന കരാർ.