06:50 pm 7/4/2017
തിരുവനന്തപുരം: ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയുടെ സമരത്തിനു പിന്തുണ അറിയിച്ച് മുതിർന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദൻ. ജിഷ്ണുവിന്റെ ബന്ധുക്കളെ ഫോണിൽ വിളിച്ചാണ് വിഎസ് പിന്തുണ അറിയിച്ചത്. ഡോക്ടർമാരുടെ നിർദേശമനുസരിച്ച് ആരോഗ്യത്തിൽ ശ്രദ്ധിക്കണമെന്നും വി.എസ് അവിഷ്ണയോടു നിർദേശിച്ചു.
അമ്മ മഹിജയെ മർദ്ദിച്ച പോലീസുകാർക്കെതിരെ നടപടിയെടുക്കുക, കേസിലെ പ്രതികളെ അറസ്റ്റു ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജിഷ്ണുവിന്റെ സഹോദരി അവിഷ്ണ മൂന്നു ദിവസമായി നിരാഹാര സമരം നടത്തിവരികയാണ്. അവിഷ്ണയ്ക്ക് പിന്തുണയുമായി സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേർ വീട്ടിലെത്തി നിരാഹാര സമരത്തിൽ പങ്കെടുക്കുന്നുണ്ട്.
അതേസമയം, അവിഷ്ണ മൂന്നു ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ലെന്ന് പരിശോധിച്ച ഡോക്ടർ അറിയിച്ചു. അവിഷ്ണയ്ക്ക് കാര്യമായ ക്ഷീണമുണ്ട്. ഈ നില തുടർന്നാൽ അവശയാകുമെന്നും ആശുപത്രിയിലേക്കു മാറ്റേണ്ടിവരുമെന്നും ഡോക്ടർ അറിയിച്ചു.