സാന്‍ഫ്രാന്‍സിസ്കോ സെന്റ് മേരീസ് ദേവാലയത്തില്‍ നോമ്പുകാല കുടുംബ നവീകരണ ധ്യാനം –

07:39 am 8/4/2017

മാര്‍ട്ടിന്‍ വിലങ്ങോലില്‍

സാന്‍ഫ്രാന്‍സിസ്കോ: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട സാന്‍ഫ്രാന്‍സിസ്ക്കൊ സെന്റ് മേരീസ് ദേവാലയത്തില്‍ ഏപ്രില്‍ 7,8(വെള്ളി, ശനി) എന്നീ ദിവസങ്ങളില്‍ നോമ്പുകാല കുടുംബ നവീകരണ ധ്യാനം നടത്തപ്പെടുന്നു.’കുടുംബം ദൈവത്തിന്റെ ദാനം’ എന്നതായിരിക്കും, റിട്രീറ്റിലെ പ്രധാന ചിന്താവിഷയം. മലങ്കര യാക്കോബായ സുറിയാനി സഭയിലെ പ്രഗല്‍ഭ സുവിശേഷ പ്രാസംഗികനും, ശാലേം ടിവി പ്രഭാഷകനുമായ, വെരി.റവ.പൗലോസ് പാറേക്കര കോര്‍ എപ്പിസ്ക്കോപ്പായുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഈ ആത്മീയ വിരുന്നില്‍, ഇടവകയിലും, സമീപ ഇടവകളിലും, നിന്നുമായി നൂറിലധികം വിശ്വാസികള്‍ പങ്കു ചേരും.

തലമുറകള്‍ പിന്നിടുന്തോറും, കുടുംബ ബന്ധങ്ങള്‍ക്ക് മൂല്യച്യൂതി സംഭവിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്തില്‍, യഥാര്‍ത്ഥ ക്രൈസ്തവ കുടുംബത്തിന്റെ പ്രസക്തി തിരിച്ചറിഞ്ഞ് ആത്മീയവും, ഭൗതികവുമായ പുരോഗതി കൈവരിക്കുവാന്‍, ഇത്തരം ആത്മീയ കൂട്ടായ്മയിലൂടെ സാദ്ധ്യമാകുമെന്നുള്ളതിനാല്‍, ഇതിലേക്ക് ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി വികാരി റവ.ഫാ. തോമസ് കോര അറിയിച്ചു.

വികാരിക്ക് പുറമേ, ശ്രീ.ഷിജു ജോര്‍ജ്(വൈസ് പ്രസിഡന്റ്), ശ്രീ.റോബി തോമസ്(സെക്രട്ടറി), കമ്മറ്റിയംഗങ്ങളായ ബിനോയ് മാത്യു, എല്‍ദൊ ജോണ്‍ ശരത്ത് ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പള്ളി ഭരണ സമിതി പരിപാടിയുടെ വിജയത്തിനായി വിപുലമായ ക്രമീകരണങ്ങളാണ് നടത്തി വരുന്നത്. സെന്റ് പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പിന്റേയും, സെന്റ് മേരീസ് വിമന്‍സ് ലീഗിന്റേയും, സംയുക്ത സെമിനാറും ഇതിനോടൊപ്പം നടത്തപ്പെടുമെന്നും വികാരി അറിയിച്ചു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഓ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.