വെടിക്കെട്ട് ദുരന്തത്തിന് പിന്നില്‍ അട്ടിമറിയെന്ന് കേസില്‍ പ്രതികളായ ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍.

07:58 am 8/4/2017

കൊല്ലം: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിന് പിന്നില്‍ അട്ടിമറിയെന്ന് കേസില്‍ പ്രതികളായ ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍. സ്ഫോടനം നടത്തിയത് പുറത്ത് നിന്നെത്തിയ ചിലരാണെന്നും ദുരന്തം നടന്നയുടൻ കമ്മിറ്റി ഓഫീസ് ചിലര്‍ ആക്രമിച്ചുവെന്നും ക്ഷേത്ര കമ്മിറ്റി പ്രസിഡന്‍റ് പിഎസ് ജയലാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പുറ്റിങ്ങല്‍ ദുരന്തവുമായി ബന്ധപ്പെട്ട് 15 ക്ഷേത്രഭാരവാഹിള്‍ക്കെതിരെ കൊലക്കുറ്റത്തിനാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. വെടിക്കെട്ട് നടത്തരുതെന്ന് കളക്ടര്‍ ഉത്തരവിട്ടിട്ടും അത് ചെവിക്കൊള്ളാതെ മത്സരക്കമ്പം നടത്തി. 110 പേരുടെ മരണത്തിന് പ്രധാന ഉത്തരവാദികള്‍ ക്ഷേത്രഭാരവാഹികളാണെന്നതിന് ക്രൈംബ്രാഞ്ചിന് വ്യക്തമായി തെളിവും കിട്ടി. ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് ക്ഷേത്രഭാരവാഹികളുടെ പുതിയ വെളിപ്പെടുത്തല്‍.
ഇക്കാര്യങ്ങളെല്ലാം കസ്റ്റഡിയിലായിരുന്നപ്പോള്‍ ക്രൈംബ്രാഞ്ചിനോട് പറഞ്ഞിരുന്നുവെങ്കിലും അവര്‍ മുഖവിലയ്ക്കെടുത്തിരുന്നില്ലെന്നും ക്ഷേത്ര പ്രസിഡന്‍റ് ജയലാല്‍ പറഞ്ഞു. കേസിലെ രണ്ടാം പ്രതിയാണ് ഇയാള്‍. ക്ഷേത്ര സെക്രട്ടി കൃഷ്ണൻകുട്ടി പിള്ളയാണ് ഒന്നാം പ്രതി. ക്ഷേത്രഭാരവാഹികള്‍ ഉള്‍പ്പടെ എല്ലാ പ്രതികളും ഇപ്പോള്‍ ജാമ്യത്തിലാണ്. ഇതാദ്യമായാണ് ആരോപണങ്ങളുമായി പ്രതികള്‍ ഒരു മാധ്യമത്തിന് മുന്നിലെത്തുന്നത്.
പ്രതികളുടെ വെളിപ്പെടുത്തല്‍ ഗൗരവത്തോടെയാണ് ക്രൈംബ്രാഞ്ച് കാണുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇവരെ വീണ്ടും ചോദ്യം ചെയ്തേക്കും