മഹിജക്കെതിരെ രൂക്ഷ വിമർശനവുമായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ.

06:15 pm 8/4/2017

മലപ്പുറം: വിഷ്ണുവിന്‍റെ അമ്മ മഹിജക്കെതിരെ രൂക്ഷ വിമർശനവുമായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. വിഷ്ണുവിന്‍റെ അമ്മ മഹിജ നടത്തുന്ന സമരം ആസൂത്രിതമെന്ന് സുധാകരൻ ആരോപിച്ചു.

പിണറായി സർക്കാറിനെ അട്ടിമറിച്ച് ആർ.എസ്.എസിനെ വളർത്താമെന്നാണ് ഉദ്ദേശമെങ്കിൽ നടക്കില്ല. സർക്കാറുമായി സഹകരിച്ചാൽ മാത്രമെ പ്രശ്നത്തിന് പരിഹാരമുണ്ടാകൂ. ഇപ്പോൾ നടക്കുന്നതെല്ലാം മലപ്പുറം ഉപതെരഞ്ഞെടുപ്പിന് വേണ്ടിയാണെന്നും മന്ത്രി സുധാകരൻ പറഞ്ഞു.

കോടതിയാണ് വിഷ്ണു പഠിച്ച കോളജിലെ മാനേജരെയും പ്രിൻസിപ്പലിനെയും സംരക്ഷിക്കുന്നത്, അല്ലാതെ സർക്കാരല്ല. ആലപ്പുഴയിൽ 17കാരനെ ആർ.എസ്.എസുകാർ അടിച്ചു കൊന്നപ്പോൾ ആ അമ്മ ഒരു ബഹളവും ഉണ്ടാക്കിയില്ല. അതാണ് യഥാർഥ ദുഃഖം. പിണറായിക്ക് പരിഹാരം ഉണ്ടാക്കാൻ സാധിക്കില്ലെങ്കിൽ ചെന്നിത്തലക്കോ, സുധീരനോ, ഉമ്മൻചാണ്ടിക്കോ കഴിയുമെന്ന വിശ്വാസമാണ് അവിടെ നടത്താൻ ശ്രമിച്ചതെന്നും സുധാകരൻ വ്യക്തമാക്കി.

മലപ്പുറത്ത് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.