11:08 am 10/4/2017
തിരുവനന്തപുരം: കെ.എം ഷാജഹാന്റെ അറസ്റ്റ് കേരളത്തിലെ ജനങ്ങൾക്ക് വിഷയമല്ലെന്ന് മന്ത്രി ജി. സുധാകരൻ. പലരും ജയിലിൽ കിടക്കുന്നുണ്ട്. സർക്കാറിനെ മോശമാക്കാൻ ചില വിദേശ ശക്തികൾ പ്രവർത്തിക്കുന്നുണ്ടെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
80000ലധികം മുസ് ലിം യുവതി-യുവാക്കൾ ജാമ്യമില്ലാ വകുപ്പ് പ്രകാരം ജയിലിൽ കിടക്കുന്നു. തീവ്രവാദികളാക്കിയാണ് ഇവരെ യു.പി.എ സർക്കാർ ജയിലിൽ അടച്ചത്. ഇക്കാര്യം ആരും പറയാത്തത് എന്തു കൊണ്ടാണെന്നും മന്ത്രി സുധാകരൻ ചോദിച്ചു.
ജിഷ്ണു പ്രണോയിയുടെ കുടുംബം ഡി.ജി.പി ഒാഫീസിൽ മുന്നിൽ നടത്തിയ സമരവുമായി ബന്ധപ്പെട്ടാണ് കെ.എം ഷാജഹാനെ അറസ്റ്റ് ചെയ്തത്. കൂടാതെ സമരത്തിന് പിന്തുണ നൽകി സ്ഥലത്തെത്തിയ എസ്.യു.സി.ഐ പ്രവർത്തകരായ എം. ഷാജർഖാൻ, ഭാര്യ മിനി, പ്രവർത്തകൻ ശ്രീകുമാർ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

