09:22 am 15/4/2017
കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഐഎസ് ശക്തി കേന്ദ്രമായ കിഴക്കൻ പ്രവശ്യയിൽ അമേരിക്ക നടത്തിയ ബോംബാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 92 കടന്നു .അഫ്ഗാൻ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജിബിയു3 വിഭാഗത്തിൽ പെടുന്ന ബോംബുകളുടെ മാതാവ് എന്നറിയപ്പെടുന്ന പ്രഹരശേഷി കൂടുതലുള്ള ബോംബാണ് യുഎസ് സൈന്യം മേഖലയിൽ പ്രയോഗിച്ചത്. ആക്രമണത്തിൽ ഐഎസ് കേന്ദ്രങ്ങളിൽ സൂക്ഷിച്ചിരുന്ന വലിയ ആയുധശേഖരവും തകർക്കാൻ കഴിഞ്ഞുവെന്നാണ് അഫ്ഗാൻ സൈനിക വക്താവ് അറിയിച്ചത്.
അതേസമയം കേരളത്തിൽ നിന്നും ഐഎസിൽ ചേരാൻ പോയ സംഘം തങ്ങിയ പ്രദേശത്താണ് യുഎസ് ആക്രണം നടത്തിയതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇത് സംബന്ധിച്ച വിശദാംശങ്ങളൊന്നും ഇന്‍റർപോളിനോ മറ്റ് അന്വേഷണ ഏജൻസികൾക്കോ ലഭ്യമായിട്ടില്ല. ഐഎസിൽ ചേർന്ന മലയാളികളുടെ കുടുംബങ്ങളുമായി സംസാരിക്കാനും വിവരങ്ങൾ ശേഖരിക്കാനും സുരക്ഷ ഏജൻസികൾ എൻഐഎയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
അജിൻ ജില്ലയിലെ നങ്കഹാർ പ്രവശ്യയിൽ ഇന്ന് പുലർച്ചെയാണ് യുഎസ് സൈന്യം ബോംബ് വർഷിച്ചത്. പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആക്രണത്തെ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. അഫ്ഗാൻ സർക്കാരിനെ അറിയിച്ച ശേഷമാണ് ആക്രണമെന്നും സാധാരണക്കാർ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് സൈന്യം ബോംബ് വർഷിച്ചതെന്നും യുഎസ് വൃത്തങ്ങൾ വിശദീകരിച്ചു.