06:48 pm 15/4/2017
ഇസ്ലാമാബാദ്: ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ മൂന്ന് ഏജന്റുമാരെ പിടികൂടിയെന്ന് പാകിസ്താൻ. പാക് അധീന കശ്മീരില്‍ നിന്നുമാണ് ഇന്ത്യയുടെ ചാരന്മാരെ പിടികൂടിയതെന്നാണ് പാകിസ്താന്റെ വാദം.
അബ്ബാസ്പൂര് സ്ഫോടനത്തിന്റെ സൂത്രധാരനേയും സഹായികളേയുമാണ് പിടികൂടിയതെന്ന് ജിയോ ചാനല്‍ റിപ്പോർട്ട് ചെയ്തു. മുഹമ്മദ് ഖലീൽ, ഇംതിയാസ്, റഷീദ് എന്നിവയാണ് പിടിയിലായവരുടെ പേരുകൾ. റാവൽകോട്ടിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ അടുത്തേക്ക് ഇവരെ ചോദ്യം ചെയ്യാനായി കൊണ്ടുവരവെ മൂവരെയും മുഖം മറച്ച് മാധ്യമപ്രവർത്തകർക്ക് മുമ്പാകെ ഹാജരാക്കി.
പൊലീസ് സ്റ്റേഷൻ ചാവേറാക്രമണം ഉൾപെടെയുള്ള കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തിയതായി ദി ഡോൺ റിപ്പോർട്ട് ചെയ്തു. പ്രതികളിലൊരാളായ ഖലീൽ കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഏകദേശം 15 തവണ പാക് അതിർത്തി കടന്ന് ഇന്ത്യയിലെത്തിയതായും പൊലീസ് ആരോപിച്ചു. ഇന്ത്യൻ ഉദ്യോഗസ്ഥരുമായി ഇവർ ഫോൺ വഴി ബന്ധപ്പെടാറുണ്ടായിരുന്നതായും പാകിസ്താൻ ആരോപിച്ചു.
കഴിഞ്ഞ വർഷം സെപ്റ്റംബർ 27 അബ്ബസ്പുരിലെ പോലീസ് സ്റ്റേഷൻ ലക്ഷ്യമാക്കി നടന്ന ആക്രമണത്തിന് പിന്നിൽ ഇവരായിരുന്നുവെന്നാണ് പൊലീസ് ആരോപിക്കുന്നത്. ഈ ആക്രമണത്തിൽ സ്റ്റേഷൻ കെട്ടിടം തകർന്നെങ്കിലും ആർക്കും പരിക്കേറ്റിരുന്നില്ല. തീവ്രവാദ വിരുദ്ധ നിയമം, സ്ഫോടക നിയമം എന്നിവ പ്രകാരവും ഇവർക്കെതിരായി കേസെടുത്തിട്ടുണ്ട്.