10:30 pm 15/4/2017
തിരുവനന്തപുരം: മൂന്നാർ കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടു ഭീഷണി നേരിടുന്ന ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ട രാമനു പോലീസ് സംരക്ഷണം ഒരുക്കാൻ നിർദേശം. സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാകും സബ് കളക്ടർക്കു സംരക്ഷണം നൽകുക. കൂടാതെ മൂന്നാർ ഒഴിപ്പിക്കൽ നടക്കുന്ന പ്രദേശങ്ങളിൽ കേരള ആംഡ് പോലീസിന്റെ സംഘത്തേയും നിയോഗിക്കാനും സംസ്ഥാന പോലീസ് മേധാവി, ഇടുക്കി ജില്ലാ പോലീസ് മേധാവിക്കു നിർദേശം നൽകി.
കൈയേറ്റം ഒഴിപ്പിക്കാനെത്തിയ സബ് കളക്ടർക്കു പോലീസ് സംരക്ഷണം നൽകാതിരുന്ന നടപടി ഏറെ വിവാദങ്ങൾക്കു വഴി വച്ചിരുന്നു. സബ് കളക്ടർക്ക് ആവശ്യമായ പോലീസ് സംരക്ഷണം നൽകണമെന്നു സംസ്ഥാന റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു നടപടി.