സിയൂൾ: ഉത്തരകൊറിയയിലെ തീര നഗരമായ സിൻപോയിലായിരുന്നു പരീക്ഷണം. എന്നാൽ മിസൈൽ പരീക്ഷണം പരാജയമായിരുന്നെന്ന് ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചു.
ഉത്തരകൊറിയൻ രാഷ്ട്രസ്ഥാപകൻ കിം ഇൽ സുംഗിന്റെ 105-ാം ജന്മദിനം പ്രമാണിച്ച് തലസ്ഥാനമായ പ്യോംഗ്യാംഗിൽ നടത്തി സൈനിക പരേഡിൽ ആയുധശേഖരം പരസ്യപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യൻ സമയം പുലർച്ചെ 2.51ന് മിസൈൽ പരീക്ഷണം നടത്തിയത്. സൈനിക പരേഡിൽ രണ്ടു ഭൂഖണ്ഡാന്തര മിസൈലുകൾ ഉത്തരകൊറിയ പ്രദർശിപ്പിച്ചിരുന്നു.
കിം ഇൽസുംഗ് ജയന്തി പ്രമാണിച്ച് ഉത്തരകൊറിയ ആറാമത്തെ ആണവമിസൈൽ പരീക്ഷണം നടത്തുമെന്നു പരക്കേ പ്രചാരണമുണ്ടായിരുന്നു. എന്നാൽ പരീക്ഷണം നടത്തിയാൽ ഉത്തരകൊറിയയെ ആക്രമിക്കുമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. ഇതോടെ യുദ്ധത്തിനുള്ള സാധ്യതയാണ് തെളിയുന്നതെന്ന് കഴിഞ്ഞദിവസം ചൈന മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് വകവയ്ക്കാതെയാണ് ഉത്തരകൊറിയയുടെ പുതിയ മിസൈൽ പരീക്ഷണം.