രാജ്യറാണി എക്സ്പ്രസ് പാളം തെറ്റി ഉണ്ടായ അപകടത്തിൽ റെയിൽവേ അധികൃതർക്കെതിരെ കേസ്.

04:02 pm 16/4/2017

ലക്നോ: മീററ്റ്-ലക്നോ രാജ്യറാണി എക്സ്പ്രസ് പാളം തെറ്റി ഉണ്ടായ അപകടത്തിൽ റെയിൽവേ അധികൃതർക്കെതിരെ കേസ്. റെയിൽവേ പോലീസാണ് കേസെടുത്തത്. ഉദ്യോഗസ്ഥർ ജോലിയിൽ വീഴ്ച വരുത്തിയെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ സം​ഭ​വം അ​പ​ക​ട​മാണെന്ന് ഭീ​ക​ര​വി​രു​ദ്ധ സ്ക്വാ​ഡ് വ്യക്തമാക്കിയിരുന്നു.

റാംപൂരിനടുത്തുവച്ച് ഉണ്ടായ അപകടത്തിൽ 12 പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരുടെ കുടുംബങ്ങൾക്ക് റെയിൽവേയും ഉത്തർപ്രദേശ് സർക്കാരും ധനസഹായം പ്രഖ്യാപിച്ചിരുന്നു. അപകടത്തേക്കുറിച്ച് അന്വേഷിക്കാൻ റെയിൽവേ മന്ത്രി സുരേഷ്പ്രഭുവാണ് ഉത്തരവിട്ടത്. വീഴ്ച കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ കർശന ന‌ടപടികളെടുക്കുമെന്ന് പ്രഭു പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് റെയിൽവേ ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തിരിക്കുന്നത്.

അതിനിടെ, പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരങ്ങൾ. രണ്ടു മാസം മുൻപും ഇവിടെ ട്രെയിൻ പാളം തെറ്റിയിട്ടുണ്ട്. മഹാകൗശൽ എക്സ്പ്രസ് പാളം തെറ്റി ഉണ്ടായ അപകടത്തിൽ അന്ന് 50ലേറെപ്പേർക്കാണ് പരിക്കേറ്റത്.