08:56 am 18/4/2017
സിയൂൾ: മിസൈൽ പരീക്ഷണം ഇനിയും നടത്തുമെന്ന് ആവർത്തിച്ച് വ്യക്തമാക്കി ഉത്തരകൊറിയ. ഉത്തരകൊറിയൻ വിദേശകാര്യ സഹമന്ത്രി ഹാൻ സോംഗ് റയോൾ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ആരെതിർത്താലും മിസൈൽ പരീക്ഷണങ്ങൾ തുടരും. ചിലപ്പോൾ ഓരോ ആഴ്ച കൂടുമ്പോൾ അല്ലെങ്കിൽ ഓരോ മാസവും അതുമല്ലെങ്കിൽ വാർഷികാടിസ്ഥാനത്തിൽ ആയിരിക്കും മിസൈൽ പരീക്ഷണങ്ങൾ ഇനി നടത്തുക- റയോൾ പറഞ്ഞു.
അമേരിക്കൻ സൈനിക നടപടി ഉണ്ടായാൽ അതിനെ ശക്തമായി നേരിടുമെന്നും റയോൾ വ്യക്തമാക്കി. അമേരിക്കയുടെ ക്ഷമ പരീക്ഷിക്കരുതെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് തിങ്കളാഴ്ചയും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെ പാടി തള്ളിയ നിലപാടാണ് ഉത്തരകൊറിയൻ വിദേശകാര്യ സഹമന്ത്രി പ്രകടിപ്പിച്ചത്.
കഴിഞ്ഞ ദിവസം എതിർപ്പുകളെ അവഗണിച്ച് ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തിയിരുന്നു. പരീക്ഷണം പരാജയപ്പെട്ടുവെങ്കിലും ഇനി ക്ഷമ പരീക്ഷിക്കരുതെന്ന് അന്നും അമേരിക്കയടക്കം മുന്നറിയിപ്പ് നൽകിയിരുന്നു. ഉത്തരകൊറിയൻ രാഷ്ട്രസ്ഥാപകൻ കിം ഇൽ സുംഗിന്റെ 105-ാം ജന്മദിനം പ്രമാണിച്ച് തലസ്ഥാനമായ പ്യോംഗ്യാംഗിൽ നടത്തിയ സൈനിക പരേഡിൽ ആയുധശേഖരം പരസ്യപ്പെടുത്തുകയും ഇതിനു പിന്നാലെ മിസൈൽ പരീക്ഷണം നടത്തുകയുമായിരുന്നു. സൈനിക പരേഡിൽ രണ്ടു ഭൂഖണ്ഡാന്തര മിസൈലുകൾ ഉത്തരകൊറിയ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.
മിസൈൽ പരീക്ഷണം നടത്തിയാൽ ഉത്തരകൊറിയയ്ക്ക് മറുപടി നൽകുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മൂന്നറിയിപ്പ് വകവയ്ക്കാതെയായിരുന്നു അന്ന് മിസൈൽ പരീക്ഷിച്ചത്. ഇതിനു പിന്നാലെ ദക്ഷിണകൊറിയൻ സുരക്ഷാ കൗൺസിൽ അടിയന്തര യോഗം ചേരുകയും ചെയ്തിരുന്നു.