യുഡിഎഫിലേക്കുള്ള ക്ഷണം കെ.എം.മാണി വീണ്ടും നിരസിച്ചു.

04;44 pm 18/4/2017

കോട്ടയം: യുഡിഎഫിലേക്ക് ഉടൻ മടങ്ങിപ്പോകാൻ കേരള കോണ്‍ഗ്രസ്-എം ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആരോടും അന്ധമായ വിരോധമോ അമിതമായ സ്നേഹമോ ഇല്ല. ചരൽക്കുന്നിലെ പാർട്ടി ക്യാന്പിൽ യുഡിഎഫ് വിടാൻ കൈക്കൊണ്ട തീരുമാനം തത്കാലം പുനപരിശോധിക്കേണ്ട സ്ഥിതിയില്ല. കേരള കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താൻ പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും കെ.എം.മാണി പറഞ്ഞു.

മലപ്പുറം ഉപതെരഞ്ഞെടുപ്പ് വിജയത്തിൽ കേരള കോണ്‍ഗ്രസിനും പങ്കുണ്ട്. കുഞ്ഞാലിക്കുട്ടിക്ക് നൽകിയ പിന്തുണ യുഡിഎഫിനുള്ളതല്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. അരനൂറ്റാണ്ട് കാലമായി ലീഗുമായി തുടരുന്ന സൗഹാർദവും സ്നേഹവും തുടരുന്നതുകൊണ്ടാണ് കുഞ്ഞാലിക്കുട്ടിക്ക് കേരള കോണ്‍ഗ്രസ്-എം പിന്തുണ പ്രഖ്യാപിച്ചതെന്നും മാണി വ്യക്തമാക്കി.

മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി പി.കെ.കുഞ്ഞാലിക്കുട്ടിക്ക് കേരള കോണ്‍ഗ്രസ്-എം പിന്തുണ പ്രഖ്യാപിച്ചിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ വിജയത്തിന് പിന്നാലെ കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ കേരള കോണ്‍ഗ്രസ്-എമ്മിനെ വീണ്ടും യുഡിഎഫിലേക്ക് സ്വാഗതം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുന്നണി വിട്ട തീരുമാനം തത്കാലം പുനപരിശോധിക്കില്ലെന്ന് മാണി പ്രഖ്യാപിച്ചത്.

അടുത്തിടെ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കേരള കോണ്‍ഗ്രസ്-എമ്മിനെ യുഡിഎഫിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ അപ്പോഴെല്ലാം മുന്നണി വിട്ട സാഹചര്യം നിലനിൽക്കുകയാണെന്നും ഉടൻ യുഡിഎഫിലേക്ക് ഇല്ലെന്നും മാണി വ്യക്തമാക്കിയിരുന്നു.