ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാന്‍ മാര്‍ തോമസ് തറയിലിന്‍റെ മെത്രാഭിഷേകം ഞായറാഴ്ച

08:11 am 22/4/2017


ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാന്‍ മാര്‍ തോമസ് തറയിലിന്‍റെ മെത്രാഭിഷേകം ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനു സെന്‍റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടക്കും. ഒരുക്കങ്ങള്‍ സജ്ജമായതായി അതിരൂപതാ കേന്ദ്രത്തില്‍നിന്ന് അറിയിച്ചു. ശുശ്രൂഷകള്‍ക്ക് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യ കാര്‍മികത്വം വഹിക്കും. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍, പാലാ ബിഷപ് മാര്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ സഹകാര്‍മികരായിരിക്കും.

ശുശ്രൂഷാമധ്യേ കെസിബിസി ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം വചനസന്ദേശം നല്‍കും. തിരുക്കര്‍മങ്ങള്‍ക്കു ശേഷം സിബിസിഐ പ്രസിഡന്‍റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അനുഗ്രഹ പ്രഭാഷണവും ക്‌നാനായ യാക്കോബായ സഭയുടെ അധ്യക്ഷന്‍ കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത അനുമോദന പ്രസംഗവും നടത്തും. തുടര്‍ന്ന് മാര്‍ തോമസ് തറയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.

ചടങ്ങുകള്‍ക്കായി പള്ളിക്കു ചുറ്റും അരലക്ഷം ചതുരശ്രഅടി വിസ്തീര്‍ണത്തില്‍ വിശാലമായ പന്തല്‍ ഒരുങ്ങിക്കഴിഞ്ഞു. 1.45ന് ബിഷപ്പുമാരെയും വിശിഷ്ടവ്യക്തികളെയും പള്ളി അങ്കണത്തില്‍ വാദ്യമേളങ്ങളുടെ അകന്പടിയോടെ സ്വീകരിക്കും. ബിഷപ്പുമാര്‍ മര്‍ത്ത്മറിയം കബറിട പള്ളിയിലും ശുശ്രൂഷകളില്‍ പങ്കുചേരുന്ന വൈദികര്‍ കൊച്ചുപള്ളിയിലും പാരിഷ് ഹാളിലും തിരുവസ്ത്രങ്ങളണിയും. 2.10ന് കബറിട പള്ളിയില്‍നിന്നു ബിഷപ്പുമാരും വൈദികരും കൊച്ചുപള്ളിക്കു മുന്പില്‍ സംഗമിച്ച് പ്രദക്ഷിണമായി പ്രധാന കവാടത്തിലൂടെ ദേവാലയത്തില്‍ പ്രവേശിക്കും.

ആര്‍ച്ച്ഡീക്കന്‍ മോണ്‍.ജോസഫ് മുണ്ടകത്തില്‍ നിയുക്ത മെത്രാനെ മദ്ബഹയിലേക്ക് ആനയിക്കും. നിയുക്ത മെത്രാന്‍ രക്തസാക്ഷികളുടെ തിരുശേഷിപ്പ് വണങ്ങും. തുടര്‍ന്ന് മാര്‍ തോമസ് തറയിലിനെ സഹായ മെത്രാനായി നിയമിച്ചു കൊണ്ടുള്ള സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഉത്തരവ് അതിരൂപതാ ചാന്‍സലര്‍ റവ.ഡോ.ടോം പുത്തന്‍കളം വായിക്കും. ഫാ.തോമസ് തൈക്കാട്ടുശേരിയുടെ നേതൃത്വത്തില്‍ അന്പതംഗ ഗായകസംഘം ഗാനങ്ങളാലപിക്കും.