മാവോയിസ്റ്റ് ആക്രമണത്തിൽ 24 സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടു.

06:33 pm 24/4/2017

സുക്മ: ഛത്തിസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ 24 സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടു. സുക്മ ജില്ലയിലെ ബുർകപൽ-ചിന്താഗുഭ മേഖലയിൽ തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഏറ്റുമുട്ടലുണ്ടായത്. ബസ്തറിൽ മാവോയിസ്റ്റ് ആധിപത്യം ഏറ്റവും രൂക്ഷമായ പ്രദേശമാണിത്.

സിആർപിഎഫ് 74-ാം ബറ്റാലിയനിലെ ജവാൻമാരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഇൻസ്പെക്ടർ റാങ്കിലുള്ള ഓഫീസറും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഏറ്റുമുട്ടലിൽ പരിക്കേറ്റവരെ ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്കു മാറ്റി. പ്രദേശത്തേക്ക് കൂടുതൽ സിആർപിഎഫ് സംഘത്തെ അയയ്ക്കാൻ തീരുമാനിച്ചതായി മുതിർന്ന പോലീസ് ഓഫീസർ അറിയിച്ചു.

ഈ വർഷം തുടക്കത്തിൽ സുക്മ ജില്ലയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ 12 സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടിരുന്നു.