ന്യൂഡൽഹി: സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തു നിന്നു ഡോ. ടി.പി. സെൻകുമാറിനെ നീക്കിയ സംസ്ഥാന സർക്കാരിനു വൻ തിരിച്ചടി. ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തു നിന്നു സെൻകുമാറിനെ മാറ്റിയ സംസ്ഥാന സർക്കാരിന്റെ ഉത്തരവും അതു ശരിവച്ച കേരള ഹൈക്കോടതി ഉത്തരവും സുപ്രീം കോടതി റദ്ദാക്കി. സെൻകുമാറിനെ ഡിജിപിയായി തിരികെ നിയമിക്കാനും കോടതി ഉത്തരവിട്ടു.
സെൻകുമാറിനോടു നീതികേടു കാട്ടിയെന്നു ചൂണ്ടിക്കാട്ടിയ ജസ്റ്റീസുമാരായ മദൻ ബി. ലോകുർ, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ച്, ജിഷ വധക്കേസ്, പുറ്റിംഗൽ ക്ഷേത്രത്തിലെ വെടിക്കെട്ടപകടം എന്നീ സംഭവങ്ങളിൽ പോലീസ് മേധാവിക്കു വീഴ്ചയുണ്ടായെങ്കിൽ അതിൽ സംസ്ഥാന സർക്കാരും ഉത്തരവാദിയാ ണെന്നു വ്യക്തമാക്കി.
പുറ്റിംഗൽ വെടിക്കെട്ടപകടത്തിൽ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കുന്നതിലും ജിഷ വധക്കേസിൽ തൃപ്തികരമായ വിശദീകരണം നൽകുന്നതിലും പോലീസ് മേധാവിയായിരുന്ന സെൻകുമാറിനു വീഴ്ച സംഭവിച്ചെന്നാണു സർക്കാർ വാദിച്ചിരുന്നത്. ഈ സംഭവങ്ങളിൽ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച പൊതുജനങ്ങൾക്കിടയിൽ അതൃപ്തിയുണ്ടാക്കിയെന്നും ഇതു കണക്കിലെടുത്താണു സ്ഥാനത്തു നിന്നു മാറ്റിയതെന്നും സർക്കാർ വാദിച്ചു. ഇതു കോടതി അംഗീകരിച്ചില്ല. സെൻകുമാറിനോടു മോശമായാണ് സർക്കാർ പെരുമാറിയതെന്നു ചൂണ്ടിക്കാട്ടിയ കോടതി, പൊതുജനങ്ങൾക്ക് അതൃപ്തിയുണ്ടാക്കിയെന്നതിനു ഹാജരാക്കിയ തെളിവ് നടപടിയെടുക്കുന്നതിനു തൊട്ടുമുന്പ് കൊണ്ടുവന്നതാണെന്നും അത് അംഗീകരിക്കാവുന്നതല്ലെന്നും വ്യക്തമാക്കി.
മേയ് 25ന് എൽഡിഎഫ് സർക്കാർ അധികാരമേറ്റശേഷം 48 മണിക്കൂർ പിന്നിടുന്നതിനു മുന്പേയാണ് ഡിജിപി സ്ഥാനത്തു നിന്ന് സെൻകുമാറിനെ മാറ്റി ലോക്നാഥ് ബെഹ്റയെ നിയമിക്കാൻ ഉത്തരവിട്ടത്. സംസ്ഥാന പോലീസ് മേധാവിയെ മാറ്റുന്നത് കുറഞ്ഞത് രണ്ട് വർഷമെങ്കിലും ഒൗദ്യോഗിക കാലാവധി പൂർത്തിയാക്കിയതിനു ശേഷമായിരിക്കണമെന്ന 2011ലെ സംസ്ഥാന പോലീസ് നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി സർക്കാരിന്റെ ഉത്തരവിനെതിരേ സെൻകുമാർ കോടതിയെ സമീപിക്കുകയായിരുന്നു. ഈ ആവശ്യവുമായി സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലും തുടർന്ന് കേരള ഹൈക്കോടതിയിലും നൽകിയ ഹർജികൾ തള്ളിയതോടെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
സെൻകുമാറിനെ ഡിജിപി സ്ഥാനത്തു നിന്നു മാറ്റി കേരള പോലീസ് ഹൗസിംഗ് കണ്സ്ട്രക്ഷൻ കോർപറേഷന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി നിയമിച്ച സർക്കാരിന്റെ നടപടിയിൽ സംസ്ഥാന പോലീസ് നിയമത്തിലെ 92 (എ) വകുപ്പിലെ വ്യവസ്ഥകളിൽ ലംഘനമുണ്ടായതായും പോലീസ് മേധാവികളെ നിയമിക്കുന്നതിലും സ്ഥലം മാറ്റുന്നതിലും മാർഗനിർദേശങ്ങൾ നൽകിയ പ്രകാശ് സിംഗ് കേസിലെ ഉത്തരവ് പാലിക്കപ്പെട്ടില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു. അതേസമയം, തന്നെ മാറ്റിയതു രാഷ്ട്രീയമായ പകപോക്കലാണെന്നും ഇടതു നേതാക്കൾക്കെതിരേ നടപടിയെടുത്തതിലുള്ള വ്യക്തിവിരോധമാണെന്നുമുള്ള ആരോപണങ്ങൾ കോടതി അംഗീകരിച്ചില്ല.