കണ്ണിനു കനവായി, കണ്ണനെ കണ്ടേന്‍-ഗീതാ മണ്ഡലം വിഷു വര്‍ണ്ണാഭമായി

08:27 am 27/4/2017

ചിക്കാഗോ : കണ്ണുനിറയെ കണ്ണനെ കണികണ്ട് കൈനിറയെ കൈനീട്ടവുമായിട്ടാണ് ഇക്കുറി ചിക്കാഗോ ഗീതാമണ്ഡലം വിഷു ആഘോഷിച്ചത്. ഓര്‍മ്മകള്‍കൂടുകൂട്ടിയ മനസ്സിന്റെ തളിര്‍ചില്ലയില്‍ പൊന്നിന്‍നിറമുള്ള ഒരായിരം ഓര്‍മ്മകളുമായി ഐശ്വര്യത്തിന്‍റെയും സമൃദ്ധിയുടെയും ഉത്സവമായ വിഷുദിനം നല്ല നാളെയെ കുറിച്ചുളള സുവര്‍ണ്ണ പ്രതീക്ഷകളാണ് സമ്മാനിക്കുന്നത്. ഒരു വര്‍ഷത്തെ ഫലം വിഷുക്കണിയെ ആശ്രയിച്ചിരിക്കുന്നു. എന്നാല്‍ ഒരു ജന്മത്തിന്റെ സുകൃതമാണ് ഇക്കുറി ഗീതാമണ്ഡലം, ചിക്കാഗോ മലയാളികള്‍ക്കായി കണിയോരുക്കിയത്. ചിക്കാഗോയിലെ ഹൈന്ദവ സമൂഹത്തിന്റെ സ്വപന സാഫല്യമാണ് ഈ വിഷുപ്പുലരിയില്‍വന്നണഞ്ഞത്.

സര്‍വ ചരാചങ്ങളിലും നിറഞ്ഞ ആത്മസ്വരൂപനായ കാര്‍മുകില്‍വര്‍ണ്ണന്റെ കമനീയ വിഗ്രഹം ഗീതമാണ്ഡലത്തിന്റെ നാലമ്പലത്തിനുള്ളില്‍ സ്ഥാപിക്കാന്‍ കഴിഞ്ഞത് അമേരിക്കന്‍ ഹൈന്ദവ വിശ്വാസികളെ സംബന്ധിക്കുന്നിടത്തോളം ആനന്ദദായകവും, അഭിമാനാര്‍ഹവുമാണ്. ശ്രീകൃഷ്ണ വിഗ്രഹതോടോപ്പം ദേവി മഹാമായയുടെ പഞ്ചലോഹ വിഗ്രഹവും സ്ഥാപിക്കപ്പെട്ടു.

മുന്‍ തിരിവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥനും ശബരിമല അമ്പലത്തിലെ സഹ ശാന്തിയുമായിരുന്ന സര്‍വ്വശ്രീ ശേഷാമണി ശാന്തിയുടെ മുഖ്യ കര്‍മ്മികത്വത്തില്‍ ഏപ്രില്‍15, ശനിയഴ്ച രാവിലെ 7.30 ന് മഹാഗണപതി ഹോമത്തോടെ ശുഭാരംഭം കുറിച്ച സ്ഥാപന ചടങ്ങുകള്‍ക്ക് ഗീതാമണ്ഡലം ആസ്ഥാന ശാന്തി ശ്രീ ലക്ഷ്മി നാരയണന്‍ സഹകാര്‍മ്മികത്വം വഹിച്ചു.

ഗണപതി ഹോമത്തിനുശേഷം പഞ്ചപുണ്യാഹം, രക്ഷാകലശം, വാസ്തുഹോമം, വാസ്തുപുണ്യാഹം, വരുണനെയും സപ്തനദികളെയും ജലദ്രോണിയില് ആവാഹിച്ച് ഭഗവാനെ ജലത്തില്‍ ശയനാവസ്ഥയില്‍ ജലാധിവാസം. അതിനുശേഷം ധ്യാന്യാധിവാസം ,പാലഭിഷേകം, നാല്പാമരപ്പൊടി കൊണ്ട് കഴുകി, പുണ്യാഹ മന്ത്രം, ത്രിശുദ്ധി എന്നീ മന്ത്രങ്ങളും കൊണ്ട് ശുദ്ധി വരുത്തി അഷ്ട ദ്ര്യവ്യകലശം പൂജിച്ച് വിഷ്ണു സഹസ്ര മന്ത്രോച്ചാരണങ്ങളോടെ മേല്‍ശാന്തി ശേഷാ മണി തിരുവടികള്‍ സ്ഥാപന കര്‍മ്മങ്ങള്‍ പൂര്‍ത്തീകരിച്ചു.

തദവസരത്തില്‍ ചിക്കാഗോയുടെ പ്രാന്ത പ്രദേശങ്ങളില്‍നിന്നും നൂറുകണക്കിനാളുകള്‍ ജാതിമത ഭേദമന്യേ ശ്രീ ഗുരുവായുരപ്പന്റെ അനുഗ്രഹാശീര്‍വാദത്തിനായി സന്നിഹിതരായിരുന്നു. ഭാരതീയ, വൈദിക, പൗരാണിക സമ്പ്രദായങ്ങള്‍ സമന്വയിച്ച പ്രതിഷ്ഠ ഭക്തര്‍ക്ക് അങ്ങേയറ്റം ആനന്ദവും, അനുഗ്രഹദായകവും ആയിത്തീരുമെന്ന് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയ മണ്ഡലം അത്മീയ ആചാര്യന്‍ ശ്രീ ആനന്ത് പ്രഭാകര്‍ അഭിപ്രായപ്പെട്ടു.

കൃഷ്ണശിലയില്‍ തീര്‍ത്ത കണ്ണന്റെ തിരുരൂപം ഒട്ടനവധി പ്രതിസന്ധികളെ മറികടന്നാണ് ചിക്കാഗോയില്‍ എത്തിക്കുവാന്‍ സാധിച്ചത്, പരമ്പരാഗത വാസ്തു ആചാര്യനാല്‍ നിര്‍മ്മിക്കപ്പെട്ട വിഗ്രഹം, വസ്തു ശില്പി ശ്രീ നാരയണന്‍ കുട്ടപ്പനാണ് ചിക്കാഗൊയില്‍ എത്തിക്കുവാനുള്ള നടപടികള്‍ ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.

ഉച്ചക്ക് 1.30 -തോടു കൂടി സമാപിച്ച പ്രതിഷ്ഠാകര്‍മ്മങ്ങള്‍ക്കുശേഷം അതിവിപുലമായ വിഷു ആഘോഷപരിപാടികളായിരുന്നു സംഘാടകര്‍ ഒരുക്കിയിരുന്നത്. മാതൃവാത്സല്യത്തിന്റെ നിറദീപമായ രാജമ്മമ്മാ കുറുപ്പില്‍നിന്ന് നാണയത്തുട്ടുകളും , മിഠായും വിഷുക്കൈനീട്ടം ലഭിച്ച ആബാലാവൃദ്ധം ജനങ്ങളും ആമോദത്താല്‍ ആഹ്ലാദഭരിതരായി.

പതിവുപോലെ ഇക്കുറിയും ഗീതാമണ്ഡലം തറവാട്ടിലെ ഏവര്‍ക്കും സുപരിചിതരായ ആയ മണി ചന്ദ്രന്‍ രശ്മി ബൈജു, രാമാ നായര്‍ തുടങ്ങിയവര്‍ വിഷുക്കണി, വിഷുക്കൈനീട്ടം തുടങ്ങിയവക്കു നേതൃത്വം കൊടുത്തു.

താലപ്പോലിയും കൈകളിലേന്തി ആര്‍പ്പുവിളിയോടെ ഭഗവാനെ വരവേറ്റ ഗീതാമണ്ഡലം യുവതികളും സംഘവും, ചിട്ടയോടെ രജിസ്‌ട്രേഷന്‍ നടപടികള്‍ നിയന്ത്രിച്ച ബാലാ ബാലിക സംഘവും മികവുറ്റ പ്രവര്‍ത്തനമാണ് കാഴ്ച വെച്ചതെന്ന് സംഘാടക സമിതി വിലയുരുത്തി. ചടങ്ങുകള്‍ക്ക് ചെണ്ടയുടേയും പഞ്ച വാദ്യത്തിന്റെയും മേള മാധുര്യം നല്കികൊണ്ട് ക്ഷേത്രകലയിലെ അഗ്രഗണ്യരായ ചിക്കാഗോ കലാ ക്ഷേത്ര അവതരിപ്പിച്ച ചെണ്ടമേളം ആസ്വാദകരെ അക്ഷരാര്‍ത്ഥത്തില്‍വിസ്മയിപ്പിച്ചു.

ഗൃഹാതുരത്വത്തിന് തെല്ലും ഇടം നല്‍കാതെ, ഇന്ത്യയില്‍നിന്നും നേരിട്ട് വരുത്തിയ യഥാര്‍ത്ഥ തൂശനിലയില്‍ വിളമ്പിയ സദ്യവട്ടങ്ങളും, മേമ്പോടിക്ക് നാടന്‍ ശീലുകളും കടംകഥകളും, അക്ഷരാര്‍ഥത്തില്‍ പുരാതനവും. പരമ്പരാഗതവുമായ ഒരു വിഷു ദിനമാണ് ഇക്കുറി ഗീതാമണ്ഡലം ഒരുക്കിയത്.

ഒരു സംഘടനയില്‍ നിന്നും സമാനത വിളിച്ചോതുന്ന സമാജത്തിലേക്കുള്ള കുതിച്ചുചാട്ടമാണ് ഇക്കുറി വിഷുവിലൂടെ ഗീതാമണ്ഡലം കൈവരിച്ചത് ശ്രീ ജഗദീശ്വരന്റെ അനുഗ്രഹവും, അംഗങ്ങളുടെ നീസ്വാര്‍ഥ സേവനവും ആണ് ഈ വലിയ നേട്ടത്തിന് പിന്നിലെന്നു പ്രസിഡന്റ് ജയ്ചന്ദ്രന്‍ അഭിപ്രായപ്പെട്ടു. പ്രതിഷ്ഠാ ചടങ്ങുകളും, വിഷു സദ്യയും വിജയകരമാക്കാന്‍ പ്രവര്‍ത്തിച്ച എല്ലാ ഭാരവാഹികള്‍ക്കും പ്രസിഡന്റ് ജയ്ചന്ദ്രന്‍, സെക്രട്ടറി ബൈജു എസ് മേനോന്‍, ട്രഷര്‍ സജി പിള്ള തുടങ്ങിയവര്‍ നന്ദിയും കൃതജ്ഞതയും രേഖപ്പെടുത്തി.

നിറഞ്ഞ മനസ്സോടെയും, ചാരിതാര്‍ത്യത്തോടെയും യാത്രപറഞ്ഞിറങ്ങിയ അംഗങ്ങള്‍ തങ്ങളുടെ മനസ്സുനിറയെ കണിക്കോന്ന വിരിയിച്ച ഗീതാമണ്ഡലത്തെ മുക്തകണ്ഠം പ്രശംസിച്ചു. ഹൈന്ദവ ആചാര അനുഷ്ഠാനങ്ങളും, സനാതനധര്‍മ്മവും ഉയര്‍ത്തിപ്പിടിക്കുവാന്‍ഗീതാമണ്ഡലം അനുവര്‍ത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇനിയും ഒരുപാട് ഉയരങ്ങള്‍ കീഴടക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ഈ സംരഭവത്തിന് തുടക്കം കുറിച്ച മഹാരഥന്മാര്‍ക്ക് മുന്‍പില്‍ സാദരം പ്രണമിക്കാം.

ബിജു കൃഷ്ണന്‍ അറിയിച്ചതാണിത്.