07.37 PM 03/05/2017
കൊച്ചി: കടല്‍ മത്സ്യബന്ധനം ഉപജീവനമാര്‍ഗ്ഗമാക്കിയ രാജ്യത്തെ അപൂര്‍വ ദമ്പതികളെ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്.ഐ) ആദരിക്കുന്നു. വിവാഹം കഴിഞ്ഞത് മുതല്‍ ഒരുമിച്ച് കടലില്‍ മത്സ്യബന്ധനത്തിനിറങ്ങുന്ന തൃശൂര്‍ ജില്ലയിലെ ചേറ്റുവക്കടുത്ത് കുണ്ടഴിയൂര്‍ സ്വദേശികളായ കരാട്ട് വീട്ടില്‍ കെ.വി കാര്‍ത്തികേയനെയും ഭാര്യ കെ.സി രേഖയെയുമാണ് സി.എം.എഫ്.ആര്.ഐ ആദരിക്കുന്നത്. നാളെ സി.എം.എഫ്.ആര്.ഐയില്‍ വെച്ച് നടക്കുന്ന മത്സ്യത്തൊഴിലാളി സംഗമത്തില്‍ കേന്ദ്ര മന്ത്രി സുദര്ശന് ഭഗത് രാവിലെ 10.30 ന് ഇരുവരെയും പൊന്നാട അണിയിച്ച് ആദരിക്കും. സി.എം.എഫ്.ആര്.ഐയുടെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി.
കടലില്‍ ബോട്ടുപയോഗിച്ച് മീന്‍പിടുത്തം നടത്തുന്ന ഇന്ത്യയിലെ ആദ്യ വനിതയാണ് രേഖ. ദമ്പതികള്‍ ഒരുമിച്ച് കടലില്‍ മത്സ്യബന്ധനിറങ്ങുന്നത് ലോകത്തില്‍ തന്നെ അപൂര്‍വ സംഭവമാണ്. കായല്‍ മത്സ്യബന്ധനത്തില്‍ സ്ത്രീകളുടെ സാന്നിധ്യം നിലവിലുണ്ടെങ്കിലും കടലില്‍ മീന്‍പിടിക്കാന്‍ സ്ത്രീകള്‍ പോകുന്നതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മത്സ്യബന്ധനത്തിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ടാണ് ഈ ദമ്പതികള്‍ കുട്ടികളുടെ പഠനം നടത്തുന്നതും മറ്റ് ചിലവുകള്‍ വഹിക്കുന്നതും. നാല് പെണ്മക്കളില് മൂത്തയാള്‍ പ്ലസ്ടുവിന് പഠിക്കുകയാണ്.
ഇരുവരേയും ആദരിക്കുന്നതിന്റെ ഭാഗമായി, കടലില്‍ കൂടുമത്സ്യ കൃഷി നടത്തുന്നതിനുള്ള എല്ലാ സഹായവും സി.എം.എഫ്.ആര്.ഐ നല്‍കുന്നുണ്ട്. കൂടുകൃഷി നടത്തുന്നതിനുള്ള കാളാഞ്ചി മത്സ്യക്കുഞ്ഞുങ്ങള്‍ നാളത്തെ ചടങ്ങില്‍ കേന്ദ്ര മന്ത്രി ഇവര്‍ക്ക് സമ്മാനിക്കും.