08:49 am 5/5/2017
കൊച്ചി: കൊച്ചി മെട്രോ ഒന്നാംഘട്ട സർവിസ് ആരംഭിക്കുന്നതിനായുള്ള മെട്രോ റെയില്‍ സുരക്ഷ കമീഷണറുടെ പരിശോധന വെള്ളിയാഴ്ച അവസാനിക്കും. വ്യാഴാഴ്ച മുട്ടത്തുനിന്ന് പരിശോധന തുടങ്ങിയ സംഘം കളമശ്ശേരി, കുസാറ്റ്, പത്തടിപ്പാലം, ഇടപ്പള്ളി, ചങ്ങമ്പുഴ പാര്‍ക്ക് സ്റ്റേഷനുകൾ സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തി.
വെള്ളിയാഴ്ച ചങ്ങമ്പുഴ പാര്‍ക്കില്‍നിന്ന് പരിശോധന തുടങ്ങും. തുടര്‍ന്ന് പാലാരിവട്ടം സ്റ്റേഷനും മുട്ടം ഡിപ്പോയും സന്ദര്‍ശിക്കും. മുട്ടം യാര്‍ഡിലെ കൊച്ചി മെട്രോയുടെ ഓപറേഷന് കണ്ട്രോള് യൂനിറ്റും (ഒ.സി.യു) അനുബന്ധ സൗകര്യങ്ങളും സംഘം വിലയിരുത്തും. കമീഷണര്‍ ഓഫ് റെയില്‍വേ സേഫ്റ്റി ഓഫിസര്‍ കെ.എ. മനോഹരെൻറ നേതൃത്വത്തില്‍ റെയില്‍വേ സുരക്ഷ കമീഷണറുടെ ബംഗളൂരു സതേണ്‍ സര്‍ക്കിളില്‍ നിന്നുള്ള സംഘമാണ് പരിശോധന നടത്തുന്നത്. പരിശോധന തൃപ്തികരമായാല്‍ ഒരാഴ്ചക്കകം അന്തിമാനുമതി സര്‍ട്ടിഫിക്കറ്റ് നല്‍കും.