02:22 pm 14/5/2017
ജമ്മു: ജമ്മു കാഷ്മീരിൽ പാക്കിസ്ഥാൻ തുടർച്ചയായി വെടിനിർത്തൽ ലംഘനം നടത്തുന്നതിന്റെ പശ്ചാത്തലത്തിൽ പ്രദേശത്തുനിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. നിയന്ത്രണരേഖയിലെ രജൗരി സെക്ടറിൽനിന്ന് ആയിരത്തിലധികം പേരെ സൈന്യം മാറ്റിപ്പാർപ്പിച്ചതായാണ് സൂചന. മൂന്നു ഗ്രാമങ്ങളിൽനിന്നായി 259 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്. അഭയാർഥികൾക്കു സഹായം നൽകുന്നതിനായി 120 ഓഫീസർമാരെ സർക്കാരും സൈന്യവും നിയോഗിച്ചിട്ടുണ്ട്.
പാക് പ്രകോപനത്തിന് ഇന്ത്യയും ശക്തമായി തിരിച്ചടിക്കുന്നുണ്ട്. ഇത് തുടർച്ചയായ രണ്ടാം ദിവസമാണ് പാക്കിസ്ഥാൻ വെടിനിർത്തൽ ലംഘനം നടത്തുന്നത്. കഴിഞ്ഞദിവസം നിയന്ത്രണരേഖയിലെ നൗഷേര പ്രദേശത്ത് പാക്കിസ്ഥാൻ നടത്തിയ വെിവയ്പിൽ മൂന്നു പേർക്കു പരിക്കേറ്റിരുന്നു. കൂടാതെ, ഞായറാഴ്ച രാവിലെയും രജൗരി സെക്ടറിൽ ഇന്ത്യൻ പോസ്റ്റുകൾക്കു നേർക്കു പാക് വെടിവയ്പുണ്ടായി. അതിർത്തിപ്രദേശമായ ജാൻഗഢ്, ഭവാനി, ലാം പ്രദേശങ്ങളാണ് പാക് സൈന്യം ലക്ഷ്യമാക്കിയിരിക്കുന്നത്. രജൗരി മേഖലയിലെ സ്കൂളുകൾക്കു രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ചു.
ശനിയാഴ്ച രജൗരി ജില്ലയിലെ അതിർത്തി മേഖലയിൽ പാക് സൈന്യം നടത്തിയ ബോംബാക്രണത്തിൽ രണ്ടു പേർ കൊല്ലപ്പെടുകയും മൂന്നു പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണു പാക് ആക്രമണം. ഓട്ടോമാറ്റിക് ആയുധങ്ങളാണ് ആക്രണത്തിനുപയോഗിച്ചിരിക്കുന്നത്.