03:23 pm 15/5/2017
തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷയിൽ 83.37 ശതമാനം പേർ വിജയിച്ചു. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 81.5 ശതമാനമാണ് വിജയം. ഹയർ സെക്കൻഡറിയിൽ ഏറ്റവും കൂടുതൽ വിജയശതമാനം കണ്ണൂർ ജില്ലയിലാണ്. ഇവിടെ 82.22 പേരാണ് വിജയിച്ചത്. ഏറ്റവും കുറവ് വിജയ ശതമാനം പത്തനംതിട്ടയിലാണ്. ഇവിടെ 77.65 ശതമാനം പേരാണ് വിജയിച്ചത്. ഈ വർഷം കഴിഞ്ഞ വർഷത്തേക്കാൾ വിജയ ശതമാനം കൂടി. കഴിഞ്ഞ വർഷം 80.94 ശതമാനമായിരുന്നു വിജയം.
3,05,262 വിദ്യാർഥികളാണ് ഉപരിപഠനത്തിന് അർഹത നേടിയത്. എട്ട് സർക്കാർ സ്കൂളുകൾ ഉൾപ്പെടെ 83 സ്കൂളുകൾ നൂറ് ശതമാനം വിജയം നേടി. 11,829 വിദ്യാർഥികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് നേടി.
സയൻസ് വിഭാഗത്തിൽ 86.25 ശതമാനവും ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 75.25 ശതമാനവും കൊമേഴ്സ് വിഭാഗത്തിൽ 83.96 ശതമാനവുമാണ് വിജയം.
ജിഎച്ച്എസ്എസ് തിരൂരങ്ങാടിയാണ് ഏറ്റവും കൂടുതൽ എ പ്ലസുകൾ നേടിയ സ്കൂൾ. എറണാകുളം ഏറ്റവും കൂടുതൽ പേർ എ പ്ലസ് നേടിയ ജില്ലയായി. എറണാകുളത്ത് 1261 പേരാണ് എ പ്ലസുകാർ. വിദ്യാഭ്യാസമന്ത്രി പ്രഫ.സി.രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തിയത്.
സേ, ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ ജൂണ്‍ ഏഴ് മുതൽ 13 വരെ നടക്കും. സേ പരീക്ഷയ്ക്ക് പേപ്പർ ഒന്നിന് 150 രൂപയും ഇംപ്രൂവ്മെന്‍റ് പരീക്ഷയ്ക്ക് 500 രൂപയുമാണ് ഫീസ്. പരീക്ഷയ്ക്ക് മേയ് 22 ന് മുൻപ് അപേക്ഷിക്കണം.