തിരുവനന്തപുരം: പൊലീസ് മേധാവി സ്ഥാനത്തേക്ക് ടി.പി. സെൻകുമാർ വരുന്നത് തടയാൻ കേന്ദ്രസർക്കാർ മൂന്നുകോടിയോളം രൂപ ചെലവഴിച്ചതായി വിവരാവകാശരേഖ. അഭിഭാഷകർക്ക് ഫയലുകളെത്തിക്കാൻ ഉന്നത ഉദ്യോഗസ്ഥർ 150 തവണയോളം ഡൽഹിയിലേക്ക് വിമാനയാത്ര നടത്തി. മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേക്ക് 80ലക്ഷം ഫീസ് നൽകി. സാൽവേക്കൊപ്പം കേസ് പഠിക്കുന്ന 30 അഭിഭാഷകർക്ക് പ്രത്യേകം ഫീസ് നൽകി.
വിവരാവകാശനിയമപ്രകാരം പാച്ചിറ നവാസാണ് ഈ കണക്കുകൾ ശേഖരിച്ചത്. സർക്കാറിനു വേണ്ടി ഹാജരായ പി.പി. റാവു, സിദ്ധാർഥ് ലൂത്ര, ജയദീപ് ഗുപ്ത എന്നിവർക്കും ദശലക്ഷങ്ങൾ നൽകി. ഏപ്രിൽ 24ന് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ച ശേഷവും ലക്ഷങ്ങൾ ചെലവഴിച്ചു.
ഖജനാവിൽനിന്ന് ചെലവഴിച്ച പണം ചീഫ് സെക്രട്ടറി നളിനി നെറ്റോയിൽനിന്ന് തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹരജി നൽകുമെന്ന് നവാസ് വ്യക്തമാക്കി.