റബര്‍-രാജ്യാന്തരവില ഉയര്‍ന്നിട്ടും ആഭ്യന്തരവിപണിയുടെ തകര്‍ച്ചയില്‍ ദുരൂഹത: ഇന്‍ഫാം

7:26 am 17/5/2017


കോട്ടയം: റബറിന്റെ രാജ്യാന്തരവിലയും ക്രൂഡോയില്‍ വിലയും ഇടവേളയ്ക്കുശേഷം വന്‍ ഉയര്‍ച്ച രേഖപ്പെടുത്തുമ്പോഴും ആഭ്യന്തരവിപണി തകര്‍ന്നുകൊണ്ടിരിക്കുന്നതിന്റെ പിന്നില്‍ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കര്‍ഷകവിരുദ്ധ നിലപാടാണെന്നും, വന്‍കിട റബര്‍ വ്യാപാരികളുടെയും വ്യവസായികളുടെയും ബിനാമിയായി റബര്‍ബോര്‍ഡ് അധഃപതിച്ചിരിക്കുന്നത് ദുഃഖകരമാണെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

ആഭ്യന്തരവില നിശ്ചയിക്കുന്നതില്‍ തങ്ങള്‍ക്കുപങ്കില്ലെന്നും വിവിധ സ്ഥലങ്ങളിലെ വിപണിവില ഏകീകരിച്ചു പ്രസിദ്ധീകരിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമുള്ള ബോര്‍ഡിന്റേതായി മാധ്യമങ്ങളില്‍ വന്ന പ്രസ്താവന വളരെ വിചിത്രമാണ്. വന്‍കിട വ്യാപാരികള്‍ നല്‍കുന്ന വില പ്രഖ്യാപിക്കുന്ന ഒരു ഉപകരണമായി മാറുന്നത് ബോര്‍ഡിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തും. റബര്‍ ആക്ട് 13 വകുപ്പു്രപകാരം വിപണിയില്‍ ഇടപെടുന്നതിനും വില നിശ്ചയിക്കുന്നതിനും സര്‍ക്കാരിന് അധികാരമുണ്ടെന്നിരിക്കെ, കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന റബര്‍ബോര്‍ഡ് ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടുന്നത് കുറ്റകരമായ അനാസ്ഥയാണ്. ഇപ്പോള്‍ വന്‍ പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ ഫീല്‍ഡ് ഓഫീസുകളും റീജിയണല്‍ ഓഫീസുകളും പൂട്ടുവാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാരിന്റെ റബര്‍ ഉത്തേജക പാക്കേജ് അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

റബര്‍ബോര്‍ഡ് ദിവസവും പ്രഖ്യാപിക്കുന്ന വിലയ്ക്ക് വിപണിയില്‍ വ്യാപാരം നടക്കുന്നില്ല. വ്യാപാരിവിലയ്ക്കാണ് റബര്‍ വില്ക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ റബര്‍ ഉത്തേജക പാക്കേജില്‍ ചെറുകിട കര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കുന്നതില്‍ റബര്‍ബോര്‍ഡുവില അടിസ്ഥാനമാക്കുമ്പോള്‍ ഓരോ കിലോയ്ക്കും 3 മുതല്‍ 5 രൂപ വരെ കര്‍ഷകര്‍ക്ക് നഷ്ടം വരും. അതിനാല്‍ സര്‍ക്കാര്‍ വിലസ്ഥിരതാപദ്ധതിയില്‍ വ്യാപാരിവിലയെ അടിസ്ഥാനമാക്കണമെന്നും വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

ഫാ.ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി, ഇന്‍ഫാം