കരിമസ്മ 2017 ഡാലസില്‍ ബിഷപ്പ് ഡോ. മാര്‍ ഫീലക്‌സിനോസ് ഉദ്ഘാടനം ചെയ്തു

09:00 pm 17/5/2017

– ഷാജി രാമപുരം


ഡാലസ്: മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാലസ് കരോള്‍ട്ടണ്‍ ഇടവകയുടെ നേതൃത്വത്തില്‍ ദൈവീക കരുണയുടെ മഹാത്മ്യം എന്ന് ഓര്‍മ്മപ്പെടുത്തുന്ന ഗ്രീക്ക് പദമായ കരിസ്മ 2017 മാര്‍ത്തോമ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധിപന്‍ ബിഷപ് ഡോ. ഐസക് മാര്‍ ഫിലക്സിനോസ് ഉത്ഘാടനം ചെയ്തു.

തകര്‍ന്നടിയുന്ന ജീവിതാനുഭവങ്ങളില്‍ നിന്ന് പുതു നാമ്പുകളായി പുനസ്ഥാപിക്കപ്പെടുന്നതാണ് ദൈവീക സാന്നിധ്യം. നീ ഇവരില്‍ അധികമായി എന്നെ സ്നേഹിക്കുന്നുവോ എന്ന വിശുദ്ധ പത്രോസ് ശ്ലീഹായോടുള്ള കര്‍ത്താവിന്റെ ചോദ്യം ഇന്നത്തെ കാലഘട്ടത്തില്‍ എങ്ങനെ വിശ്വാസ സമൂഹം സ്വീകരിക്കുന്നു എന്ന് വിലയിരുത്തപ്പെടേണ്ടതാണെന്ന് ബിഷപ് ഡോ.മാര്‍ ഫിലക്സിനോസ് അഭിപ്രായപ്പെട്ടു.

ഡാലസില്‍ മറ്റ് സഹോദര ഇടവകകളോടൊപ്പം നിലകൊള്ളുന്ന മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാലസ് കരോള്‍ട്ടന്‍ ഇടവക 41 വര്‍ഷം പൂര്‍ത്തീകരിച്ചതിന്റെ ഭാഗമായിട്ടാണ് കരിസ്മ 2017 എന്ന ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വ്യത്യസ്ത നിറഞ്ഞ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.ബിഷപ് ഡോ.മാര്‍ ക്രിസോസ്റ്റം വലിയ മെത്രപ്പൊലീത്തയുടെ നൂറാ ജന്മദിനത്തോടനുബന്ധിച്ച് ഇന്ത്യയില്‍ തുടക്കം കുറിച്ച വിശക്കുന്ന കുട്ടിക്ക് ഒരു നേരത്തെ ആഹാരം എന്ന പദ്ധതിക്കുള്ള സംഭാവനകള്‍ ഇടവകയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ബിഷപ് ഡോ.മാര്‍ ഫിലക്സിനോസിന്റെ പക്കല്‍ കൈമാറി.

പുനരുദ്ധരിക്കപ്പെട്ട ഇടവകയുടെ പാരിഷ് ഹാളിന്റെ കൂദാശ കര്‍മ്മവും ചടങ്ങില്‍ നിര്‍വഹിച്ചു.മാര്‍ത്തോമ സഭയില്‍ ഫിലിം ഡയറക്ഷന്‍ കോഴ്സ് പൂര്‍ത്തീകരിച്ച ഏക വൈദീകനായ ഇടവക വികാരി റവ: വിജു വര്‍ഗീസിന്റെ നേതൃത്വത്തില്‍ തുടക്കം കുറിച്ച ഡോക്യുമെന്ററി ഫിലിമിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ചടങ്ങില്‍ ബിഷപ് മാര്‍ ഫിലക്സിനോസ് നിര്‍വഹിച്ചു.

മെയ് 11 വ്യാഴാഴ്ച തുടക്കം കുറിച്ച പരിപാടികളോട് അനുബന്ധിച്ച് നടത്തിയ സെമിനാറിന് പ്രമുഖ കോണ്‍ഫറന്‍സ് ലീഡറും, പ്രഭാഷകയുമായ പ്രീന മാത്യു നേതൃത്വം നല്‍കി.ഞായറാഴ്ച നടന്ന വിശുദ്ധ കുര്‍ബാന ശുശ്രൂഷയോട് അനുബന്ധിച്ച് 20 കുട്ടികള്‍ക്ക് ആദ്യ കുര്‍ബാന നല്‍കി അവരെ ക്രിസ്തീയ വിശ്വാസത്തിന്റെ പൂര്‍ണ്ണതയിലേക്ക് ക്ഷണിച്ച ചടങ്ങും, കുട്ടികളുടെ നേതൃത്വത്തില്‍ ഉള്ള ഗായകസംഘം വിവിധ ഭാഷകളില്‍ ആലപിച്ച ഗാനങ്ങളും ചടങ്ങുകള്‍ക്ക് നിറപകിട്ടേകി.