ബംഗളൂരു ഫൊറോന മാര്‍ മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു

07:02 pm 18/5/2017


ബംഗളൂരു: ബംഗളൂരു കേന്ദ്രമാക്കി കോട്ടയം അതിരൂപതയില്‍ രൂപംകൊണ്ട ഫൊറോന ഉദ്ഘാടനം ചെയ്തു.അതിരൂപതയിലെ പതിനാലാമത്തെ ഫൊറോനയാണിത്. കര്‍ണാടകയിലെ സെന്‍റ് സ്റ്റീഫന്‍സ് ചര്‍ച്ച് നെല്ലിയാടി, ആരോഗ്യമാതാ ചര്‍ച്ച് കടബ, സെന്‍റ് മേരീസ് ചര്‍ച്ച് അജ്കര്‍ എന്നീ ഇടവകകളെ ഉള്‍പ്പെടുത്തിയാണ് പുതിയ ഫൊറോന രൂപീകരിച്ചിരിക്കുന്നത്.

കടബയില്‍ സംഘടിപ്പിച്ച കര്‍ണാടക ക്‌നാനായ കത്തോലിക്ക കുടുംബസംഗമത്തോടനുബന്ധിച്ച് നടന്ന വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് ഫൊറോനയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, വികാരിജനറാള്‍ ഫാ.മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. ഏബ്രഹാം പറന്‌പേട്ട്, നിയുക്ത ഫൊറോനയിലെ വികാരിമാര്‍, ഇടവക വൈദികര്‍, മുന്‍ വികാരിമാര്‍, അതിരൂപതയിലെ മറ്റു വൈദികര്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

കോട്ടയം അതിരൂപത അഡീഷണല്‍ ചാന്‍സലര്‍ ഫാ.ജോണ്‍ ചേന്നാക്കുഴി ഫൊറോന സ്ഥാപന ഡിക്രി വായിച്ചു. ബംഗളൂരു ഇടവക വികാരി ഫാ.തോമസ് കൊച്ചുപുത്തന്‍പുരയ്ക്കലിനെ ഫൊറോനയുടെ പ്രഥമ വികാരിയായി നിയമിച്ചു.

അതിരൂപതയിലെ വൈദികസമര്‍പ്പിത പ്രതിനിധികള്‍, പാസ്റ്ററല്‍ കൗണ്‍സിലിന്‍റെയും വിവിധ ഇടവകകളുടെയും പ്രതിനിധികള്‍, രാഷ്ട്രീയസാമൂഹിക നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.