ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ന് ഫോ​ണി​ലൂ​ടെ ഭീ​ഷ​ണി.

02:02 pm 20/5/2017

ഗു​രു​വാ​യൂ​ർ: മനുഷ്യബോംബ് ഉപയോഗിച്ച് ക്ഷേത്രം തകർക്കുമെന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്. രാവിലെ 8.15 ഓടെ ക്ഷേ​ത്ര ഗോ​പു​ര​ത്തി​ലെ ഫോ​ണി​ൽ വി​ളി​ച്ച് ഒ​രു സ​മു​ദാ​യ സം​ഘ​ട​ന​യു​ടെ തീ​വ്ര​വാ​ദി വി​ഭാ​ഗം നേ​താ​വാ​ണെ​ന്നും ക്ഷേ​ത്ര​ത്തി​ൽ വ്യാ​പ​ക അ​ഴി​മ​തി​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും പ​റ​ഞ്ഞ ശേ​ഷ​മാ​യിരുന്നു ഭീഷണി.

മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യെ വ​ധി​ച്ച പോ​ലെ സ്ത്രീ​ക​ളെ ഉ​പ​യോ​ഗി​ച്ച് ക്ഷേ​ത്ര​ത്തി​ൽ ബോം​ബ് സ്ഫോടനം നടത്തുമെന്നായിരുന്നു ഭീ​ഷ​ണി. ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ക്ഷേ​ത്രം മാ​നേ​ജ​ർ ടി.​വി.​കൃ​ഷ്ണ​ദാ​സാ​ണ് ഫോ​ണ്‍ എ​ടു​ത്ത​ത്. കോ​ള​ർ ഐ​ഡി​യി​ൽ ല​ഭ്യ​മാ​യ ഫോ​ണ്‍ ന​ന്പ​ർ മാ​നേ​ജ​ർ ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​ക്ക് കൈ​മാ​റി. അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വി​വ​രം കൈ​മാ​റി.

ഗു​രു​വാ​യൂ​ർ എ​സി​പി പി.​എ.​ശി​വ​ദാ​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മാ​നേ​ജ​രെ വി​ളി​ച്ച നന്പർ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം. ഇ​ന്നു ചേ​രു​ന്ന ദേ​വ​സ്വം ഭ​ര​ണ​സ​മി​തി​യും വി​ഷ​യം ച​ർ​ച്ച ചെ​യ്യും.