07:41 am 24/5/2017
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജയുമായി ഉണ്ടാക്കിയ കരാറില്‍നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ അറിയിച്ചു. ഇക്കാര്യത്തിൽ ആശങ്ക വേണ്ട. നീതി ഉറപ്പുവരുത്തുന്ന നടപടിയുണ്ടാകുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നൽകി.
മഹിജ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരാഹാരം കിടക്കുമ്പോഴാണ് സ്റ്റേറ്റ് അറ്റോണിയും അഡ്വ. സി.പി. ഉദയഭാനുവും സര്‍ക്കാര്‍ നിര്‍ദേശപ്രകാരം അവരുമായി കരാര്‍ ഉണ്ടാക്കിയത്. ഇനി ആര്‍ക്കും ജിഷ്ണുവിെൻറ അനുഭവം ഉണ്ടാകാതിരിക്കാൻ ഇേൻറണല്‍ മാര്‍ക്കിനെക്കുറിച്ച് പരിശോധിക്കാന്‍ വി.സി തല സമിതിയെയും പ്രശ്നം സമഗ്രമായി പഠിക്കാന്‍ ജ. കെ.കെ. ദിനേശന് കമീഷനെയും നിയമിച്ചിട്ടുണ്ട്.
ജിഷ്ണുവിെൻറ മരണവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണ വീഴ്ച പരിശോധിക്കുക, പോസ്റ്റ്മോര്‍ട്ടത്തില്‍ വീഴ്ചയുണ്ടോയെന്ന് നോക്കുക, ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വിപുലീകരിക്കുക തുടങ്ങി കരാറിലെ വ്യവസ്ഥകളിൽ സര്‍ക്കാറിന് ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. അതിനോട് മഹിജയും മറ്റും സഹകരിക്കുകയും ചെയ്തു. ധാരണയില്‍നിന്ന് സര്‍ക്കാറോ, മഹിജയോ പിന്നാക്കം പോയിട്ടില്ല. ഡി.ജി.പി ഓഫിസിന് മുന്നില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് എ.ഡി.ജി.പി അന്വേഷിക്കുന്നുണ്ട്. അതുസംബന്ധിച്ച് ഇതുവരെ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

