ഡാളസ്സ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷിക ആഘോഷങ്ങള്‍ക്ക് തുടക്കമായി

08:10 am 27/5/2017

– സന്തോഷ് പിള്ള

ഡാളസ്സ്: ഡാളസിലെ ശ്രി ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷിക ആഘോഷങ്ങള്‍ക്ക് മെയ് 25 മുതല്‍ തുടക്കമായി. ക്ഷേത്ര തന്ത്രിയും മുന്‍ ഗുരുവായൂര്‍ മേല്‍ശാന്തിയുമായ കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരി പൂജാദികര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. വെള്ളിയാഴ്ച വൈകിട്ട് ഗുരുവായൂരപ്പന്റെ ഉത്സവ മൂര്‍ത്തിയെ എഴുന്നള്ളിച്ചു നടത്തുന്നു ഘോഷയാത്രയില്‍, താലപ്പൊലിയേന്തിയ അനേകം ഭക്തജനങ്ങള്‍ പങ്കെടുക്കുമെന്ന് കേരളാ ഹിന്ദു സൊസൈറ്റി ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കേശവന്‍ നായര്‍ അറിയിച്ചു.

വാര്‍ഷികത്തോടനുബന്ധിച്ചു വീടുകളില്‍ സന്ദര്‍ശിച്ചു നടത്തിയ പറയെടുപ്പില്‍ വിതരണം ചെയ്ത താലം, പുഷ്പാലങ്കാരങ്ങളൊരുക്കി ഘോഷയാത്രക്ക് തയ്യാറാക്കി കൊണ്ടുവരുന്നതായിരിക്കും. ഉത്സവത്തിനായി നാട്ടില്‍ നിന്നും എത്തിച്ചേര്‍ന്ന പല്ലാവൂര്‍ ശ്രീകുമാറും, പല്ലാവൂര്‍ ശ്രീധരനും വാദ്യമേളത്തിന് മികവേറും. ശനിയാഴ്ച 2 മണിക്ക് ശങ്കരന്‍ നമ്പൂതിരിയുടെ ഭക്തി ഗാനാ മൃതവും, ഞായറാഴ്ച 4 മണിക്ക് സന്താന ഗോപാലം കഥകളിയും അരങ്ങേറുമെന്ന് കേരളാ ഹിന്ദു സൊസൈറ്റി പ്രസിഡന്റ് രാമചന്ദ്രന്‍ നായര്‍ അറിയിച്ചു. അനേകം പൂജകളും, ഹോമങ്ങളും നടത്തപെടുന്നതിനോടൊപ്പം ഈ വര്‍ഷത്തെ പ്രത്യേക അഭിഷേകമായ കളഭാഭിഷേകം, ഞായറാഴ്ച ഉച്ചക്ക് നിര്‍വഹിക്കുവാന്‍, ക്ഷേത്ര പൂജാരിമാര്‍ ആയ വിനയന്‍ നീലമനയും, ഇരിഞ്ഞാടപ്പള്ളി പദ്മനാഭനും സഹായിക്കുന്നതായിരിക്കും.