08:38 am 30/5/2017
തിരുവനന്തപുരം: തിരുവനന്തപുരം: കേരളം ക്രമസമാധാന രംഗത്ത് മികച്ച സംസ്ഥാനമാണെന്ന് ഗവർണറോടു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ക്രമസമാധാനത്തകർച്ചയാണെന്നും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയും ബിജെപിക്കാർക്കെതിരെയുമുള്ള അക്രമങ്ങൾ കൂടിവരുന്നതായും കാണിച്ച് മഹാരാഷ്ട്രയിലെ ബിജെപി എംപി പൂനം മഹാജൻ ഗവർണർക്ക് കത്തയച്ചിരുന്നു. ഈ കത്തിന് മറുപടിയായാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി ഗവർണർക്കു കത്തയച്ചത്.
സർക്കാർ അധികാരത്തിൽ വന്നശേഷം 19 ആർഎസ്എസ്, ബിജെപി, എബിബിപി പ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ കാര്യമായ നടപടിയെടുത്തിട്ടില്ലെന്നും പൂനം മഹാജൻ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. 1300 കേസുകൾ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ഈ കാലയളവിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എംപി ഗവർണർക്കയച്ച കത്തിൽ പറഞ്ഞിട്ടുണ്ട്.
എന്നാൽ ഈ മാസം 13ന് ബിജെപി എംഎൽഎ ഒ.രാജഗോപാൽ ഗവർണർക്കു നൽകിയ കത്തിൽ 14 സംഘപരിവാർ പ്രവർത്തകർ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കൊല ചെയ്യപ്പെട്ടു എന്നാണ് പറഞ്ഞിരുന്നത്. പോലീസ് റിപ്പോർട്ട് പ്രകാരം രാജഗോപാലിന്റെയും പൂനം മഹാജന്റെയും പ്രസ്താവനകൾ വൈരുധ്യം നിറഞ്ഞതും സത്യവിരുദ്ധവുമാണ്. സമാധാനം കാത്തുസൂക്ഷിക്കാനുള്ള നടപടികളുമായാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്ന് ഗവർണർക്കയച്ച കത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എം.എൻ. വെങ്കിടാചലയ്യ ചെയർമാനായുള്ള പബ്ലിക് അഫയേഴ്സ് സെന്റർ നടത്തിയ പഠനത്തിൽ ക്രമസമാധാനപാലനത്തിൽ മുന്നിൽ നിൽക്കുന്നത് കേരളവും തമിഴ്നാടുമാണ്. 2016 നവംബറിൽ ഇന്ത്യാ ടുഡേ മാഗസിൻ നടത്തിയ സർവേയിൽ ഈ രംഗത്ത് കേരളത്തിന് ഒന്നാം സ്ഥാനമാണ് നൽകിയിരിക്കുന്നത്. അതുകൊണ്ടുതന്നെ പൂനം മഹാജൻ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്നു മാത്രവുമല്ല രാഷ്ട്രീയ പ്രേരിതവുമാണെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.

