തിരുവനന്തപുരം: സര്‍ക്കാരിന്‍റെ പുതിയ മദ്യനയം ജൂണ്‍ 30നകം പ്രഖ്യാപിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ടൂറിസം മേഖലകളിലെ ആശങ്ക കൂടി പരിഗണിച്ചായിരിക്കും പുതിയ മദ്യനയത്തിന് രൂപം നൽകുകയെന്നും മന്ത്രി പറഞ്ഞു.
യുഡിഎഫിന്റെ മദ്യനയത്തില്‍നിന്നും തീര്‍ത്തും വ്യത്യസ്തമായിരിക്കും തങ്ങളുടെ മദ്യനയം. മദ്യനിരോധനം ടൂറിസം മേഖലകളില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ടൂറിസം മേഖലയില്‍ നിന്നുളള വരുമാനത്തിന് നയം തിരിച്ചടിയാണ് നൽകിയത്. ഈ ആശങ്ക പരിഗണിച്ചു കൊണ്ടാവും പുതിയ മദ്യനയം പ്രഖ്യാപിക്കുക. തെരഞ്ഞെടുപ്പ് കാലത്ത് എല്‍.ഡി.എഫിന്‍റെ പ്രകടന പത്രികയില്‍ പറഞ്ഞതു തന്നെയാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആവര്‍ത്തിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാറിന്‍റെ മദ്യനയം മദ്യനിരോധനമല്ല മദ്യവര്‍ജ്ജനമാണെന്നും ടി.പി രാമകൃഷ്ണന്‍ വ്യക്തമാക്കി.