സ്വവര്‍ഗാനുരാഗം കുറ്റകരമെന്ന് വിധി പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി

images
02/02/2016

ന്യുഡല്‍ഹി: സ്വവര്‍ഗ ലൈംഗികത കുറ്റകരമാണെന്ന 2013ലെ വിധി പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. 2013 ഡിസംബറിലെ വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട എട്ട് തിരുത്തല്‍ ഹരജി അനുവദിച്ചാണ് വിഷയം പുനഃപരിശോധിക്കാന്‍ അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ പരിഗണനക്ക് വിടുന്നത്. പ്രകൃതി വിരുദ്ധമായ ലൈംഗിക ബന്ധം കുറ്റകരമാണെന്ന ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 377 ാം വകുപ്പ് ഉയര്‍ത്തിപ്പിടിച്ചാണ് സ്വവര്‍ഗരതി കുറ്റകൃത്യത്തില്‍ പെടുത്തി സുപ്രീംകോടതി 2013ല്‍ വിധി പ്രസ്താവിച്ചത്. ഇതിനെതിരെ നല്‍കിയ തിരുത്തല്‍ ഹരജി 2014 ജനുവരിയില്‍ സുപ്രീംകോടതി തള്ളുകയും ചെയ്തിരുന്നു.

പ്രകൃതി വിരുദ്ധ ലൈംഗികത കുറ്റകരമാക്കുന്ന വകുപ്പ് നിലനിര്‍ത്തണോ എന്ന കാര്യം പാര്‍ലമെന്റിന് തീരുമാനിക്കാമെന്നും സുപ്രീംകോടതി 2013ല്‍ ചൂണ്ടിക്കാണിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗ ലൈംഗികത കുറ്റകരമാക്കരുതെന്ന് ശശി തരൂര്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അദ്ദേഹം കൊണ്ടുവന്ന നിയമ ഭേദഗതി നിര്‍ദേശം പാര്‍ലമെന്റ് തള്ളി.

സ്വവര്‍ഗ ലൈംഗികത കുറ്റകരമല്‌ളെന്ന 2009ല്‍ ഡല്‍ഹി ഹൈകോടതി വിധിച്ചിരുന്നു. ഇത് തള്ളിയാണ് സുപ്രീംകോടതി നേരത്തെ വിധി പുറപ്പെടുവിച്ചത്. ഇതിനെതിരെ സ്വവര്‍ഗരതിക്കാരുടേയും ഭിന്ന ലിംഗക്കാരുടേയും സംഘടന നാസ് ഫൗണ്ടേഷന്‍ അടക്കം നല്‍കിയ എട്ട് പുനഃപരിശോധനാ ഹരജിയാണ് പരമോന്നത കോടതി അനുവദിച്ചിരിക്കന്നത്.