ഇടത്തു പാര്‍ട്ടിക്കു വേണ്ടി തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചത് ആരുയെന്ന് അറിയില്ലാ :സരിത

03:50 pm /02/2016
download

കൊച്ചി: മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ തുറന്നു പറയാന്‍ സി.പി.എം നേതാവ് ഇ.പി ജയരാജന്‍ 10 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് സോളാര്‍ കമീഷന്‍ മുമ്പാകെ നല്‍കിയ വെളിപ്പെടുത്തല്‍ തിരുത്തി സരിത നായര്‍. ഇ.പി ജയരാജന്‍ പണം വാഗ്ദാനം നല്‍കിയിട്ടില്ലെന്നാണ് സരിത ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്.

ഇടതു മുന്നണിക്കായി തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചത് ആരാണെന്ന് അറിയില്ല. പ്രശാന്ത് എന്ന് പേരുള്ള ഒരാളാണ് പണം നല്‍കാമെന്ന് പറഞ്ഞത്. ഈ പ്രശാന്ത് സി.പി.എമ്മുകാരനാണോ അദ്ദേഹത്തിന്റെ വീട് എവിടെയാണോ തുടങ്ങിയ വിവരങ്ങള്‍ തനിക്കറിയില്ലെന്നും സരിത പറഞ്ഞു. രഹസ്യ വിസ്താരത്തിന്റെ വിശദാംശങ്ങള്‍ പുറത്തു പറയില്ലെന്നും സരിത വ്യക്തമാക്കി.

അതേസമയം, കമീഷന്റെ അനുമതി നല്‍കിയതിനെ തുടര്‍ന്ന് സരിത നായരെ ബിജു രാധാകൃഷ്ണന്‍ രഹസ്യമായി ക്രോസ് വിസ്താരം നടത്തി!. മാധ്യമങ്ങളെ ഒഴിവാക്കി രഹസ്യ വിസ്താരം വേണമെന്ന സരിതയുടെ അപേക്ഷ പരിഗണിച്ച് കമീഷനാണ് ഇതിന് നിര്‍ദേശം നല്‍കിയത്. ഉച്ചക്കഴിഞ്ഞ് കമീഷന്റെ ചേംബറില്‍ നടന്ന വിസ്താരത്തിന് സരിതക്കും ബിജു രാധാകൃഷ്ണനും പുറമേ കമീഷന്‍ ചെയര്‍മാനും ഉദ്യോഗസ്ഥരും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

എന്നാല്‍, ചേംമ്പറിലെ വിസ്താര സമയത്ത് ഹാജരാകാന്‍ അനുവദിക്കണമെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം കമീഷന്‍ തള്ളി. സ്‌റ്റേറ്റ് പൊതുസമൂഹത്തില്‍ ഉള്‍പ്പെടില്ലെന്ന വാദം ഉന്നയിച്ചാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ ഈ ആവശ്യം ഉന്നയിച്ചത്. അതേസമയം, താനും ബിജുവും നല്ല ബന്ധത്തിലല്ലെന്നും തന്നെ അപകീര്‍ത്തിപ്പെടുത്തുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും സരിത കമീഷനെ അറിയിച്ചു.

എ.പി അബ്ദുല്ലക്കുട്ടിക്കെതിരായ പരാതിയില്‍ പറഞ്ഞതെല്ലാം സത്യമാണ്. തന്റെ വീഡിയോ വാട്‌സ്ആപ്പിലൂടെ പ്രചരിച്ചതിനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, ഇതിന്റെ അന്വേഷണം ആലപ്പുഴയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് മരവിപ്പിച്ചതായും സരിത കമീഷന്‍ മുമ്പാകെ പറഞ്ഞു.

ഹൈബി ഈഡന്‍ എം.എല്‍.എയുമായി സംസാരിച്ചത് സോളാര്‍ ഇടപാടിനെ കുറിച്ചല്ലെന്നും ഫെബ്രുവരി 27ന് കമീഷന്‍ മുമ്പാകെ ഹാജരാകാന്‍ പോകവെ തമ്പാനൂര്‍ രവി തന്നെ ഫോണില്‍ വിളിച്ചതായും സരിത വ്യക്തമാക്കി. മോന്‍സ് ജോസഫ് എം.എല്‍.എയുടെ കടുത്തുരുത്തി നിയോജക മണ്ഡലത്തില്‍ സോളാര്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിന് ഫീസിബിലിറ്റി സ്റ്റഡി നടത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും സരിത കമീഷനോട് പറഞ്ഞു.

രണ്ടു തവണ മുഖ്യമന്ത്രിയെ കാണാന്‍ വീട്ടില്‍ പോയിരുന്നതായും ഒരു തവണ 50,000 രൂപയോളം മുഖ്യമന്ത്രിക്ക് കൈമാറിയെന്നും സരിതയുടെ െ്രെഡവര്‍ ശ്രീജിത്ത് സോളാര്‍ കമീഷന് മൊഴി നല്‍കി. പണം നല്‍കിയ വിവരം സ്ഥിരീകരിച്ച സരിത, സോളാര്‍ വാട്ടര്‍ ഹീറ്റര്‍ സ്ഥാപിക്കുന്നതിനുള്ള പര്‍ച്ചേസ് ഓര്‍ഡര്‍ റദ്ദാക്കിയതിനെ തുടര്‍ന്നാണ് 50,000 രൂപ തിരികെ നല്‍കിയതെന്നും കമീഷനെ അറിയിച്ചു.