10:25am 26/2/2016
ലോസ് ആഞ്ചലസ്: യു.എസിലെ കന്‍സാസില്‍ വെടിവയ്പ് നാലു പേര് കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരുക്കേറ്റു. ലോസ് ആഞ്ചലസിനു സമീപം കന്‍സാസിലെ ഹെസ്റ്റടണിലുള്ള പുല്ലുവെട്ട് യന്ത്ര നിര്‍മ്മാണ ഫാക്ടറിയായ എക്സല്‍ ഇന്‍ഡസ്ട്രീസിലാണ് വെടിവയ്പുണ്ടായത്. ഫാക്ടറിയിലെ ഒരു ജീവനക്കാരനാണ് ആക്രമണം നടത്തിയതെന്ന് ഹാര്‍വെ കൗണ്ടി ഷെരീഫ് ടി.വാള്‍ട്ടണ്‍ അറിയിച്ചു. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ അക്രമിയും കൊല്ലപ്പെട്ടിട്ടുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് പോലീസ് സൂചിപ്പിച്ചു.
ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. അക്രമിക്ക് എന്തെങ്കിലും തീവ്രവാദ ബന്ധമുണ്ടോയെന്നും അറിയില്ലെന്ന് പോലീസ് അറിയിച്ചു. സെഡ്രിക് ഫോര്‍ഡ് എന്ന ജീവനക്കാരനാണ് ആക്രമണം നടത്തിയതെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫാക്ടറിയിലെ പെയിന്റിംഗ് തൊഴിലാളിയാണ് ഇയാള്‍. ആക്രമണത്തിനു മുന്‍പ് റൈഫിളും പിടിച്ചുനില്‍ക്കുന്ന ചിത്രവും വീഡിയോയും ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
ഫോര്‍ഡിനു ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. അനധികൃതമായി ആയുധം കൈവശം വച്ചിരുന്നതായും അലഞ്ഞുതിരിഞ്ഞു നടക്കുന്നയാളാണെന്നും മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.