ഇന്ത്യക്ക് 45 റണ്‍സ് വിജയം

09:35am
25/2/2016
download

മിര്‍പുര്‍: കഴിഞ്ഞവര്‍ഷം തങ്ങളെ നാണംകെടുത്തിയ ബംഗ്‌ളാദേശിനോട് പ്രതികാരം ചെയ്തുകൊണ്ട് ഏഷ്യാകപ്പ് ട്വന്റി20 ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വന്‍ തുടക്കം. ഷേര ബംഗ്‌ള സ്റ്റേഡിയത്തില്‍ ആതിഥേയര്‍ക്കായി ആര്‍ത്തുവിളിച്ച പതിനായിരങ്ങളെ നിരാശയിലാഴ്ത്തി 45 റണ്‍സ് ജയമാണ് ഇന്ത്യന്‍ സംഘം നേടിയത്. രോഹിത് ശര്‍മയുടെ അര്‍ധശതകത്തിന്റെ (83) കരുത്തില്‍ ഇന്ത്യ മുന്നോട്ടുവെച്ച 167 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ബംഗ്‌ളാദേശിന് 20ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മൂന്നു വിക്കറ്റുകളുമായി ആശിഷ് നെഹ്‌റ നിറഞ്ഞുനിന്നപ്പോള്‍ ബംഗ്‌ളാ നിരയില്‍ സബ്ബിര്‍ റഹ്മാന് (44) മാത്രമേ അല്‍പമെങ്കിലും പ്രതിരോധിക്കാനായുള്ളൂ. നാല് ഓവറില്‍ 23 റണ്‍സ് നല്‍കിയാണ് നെഹ്‌റ മൂന്നു വിക്കറ്റ് വീഴ്ത്തിയത്.

സൗമ്യ സര്‍ക്കാര്‍ (11), ഇംറുല്‍ കയിസ്(14), മുശ്ഫിഖുര്‍ റഹീം (16*), തസ്‌കിന്‍ അഹ്മദ്(15*) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബംഗ്‌ളാദേശ് ബാറ്റ്‌സ്മാന്മാര്‍. ഇന്ത്യക്കായി ജസ്പ്രീത് ബംറ, ഹാര്‍ദിക് പാണ്ഡ്യ, ആര്‍. അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. രോഹിത് ശര്‍മക്കൊപ്പം യുവതാരം ഹാര്‍ദിക് പാണ്ഡ്യയുടെയും(31) തട്ടുപൊളിപ്പന്‍ ബാറ്റിങ്ങിന്റെ മികവിലാണ് 167 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ മുന്നോട്ടുവെച്ചത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനയക്കപ്പെട്ട ഇന്ത്യ, തുടക്കത്തിലെ രണ്ടിന് 22 എന്ന തകര്‍ച്ചക്കുശേഷമാണ് മികച്ച സ്‌കോറിലേക്ക് കുതിച്ചത്. 20 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 166ല്‍ കണ്ടത്തെിയത്.