11:33AM 21/6/2016
– ജോര്‍ജ് ജോണ്‍
ന്യൂഡല്‍ഹി-ബെര്‍ലിന്‍: ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് വേണ്ടിയുള്ള പോലീസ് വെരിഫിക്കേഷന്‍ മൂലം പാസ്‌പോര്‍ട്ട് ലഭിക്കാന്‍ വൈകുന്നതിന് പരിഹാരവുമായി ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയം. പാസ്‌പോര്‍ട്ട് ലഭ്യമാക്കുന്നതിനുള്ള നടപടി ലഘൂകരിക്കുകയാണെന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ് ഉറപ്പു നല്‍കി. ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് , എന്നിവയുടെ പകര്‍പ്പ് സഹിതം പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചാല്‍ ഉടന്‍ പാസ്‌പോര്‍ട്ട് നല്‍കുും എന്നാണ് പുതിയ തീരുമാനം.
പാസ്‌പോര്‍ട്ടിന് അപേക്ഷിക്കേണ്ട രീതികള്‍ ഓണ്‍ലൈനായി ലളിതപ്പെടുത്തിയെങ്കിലും പോലീസ് വെരിഫിക്കേഷന്‍ ഇപ്പോഴും പഴയ മട്ടില്‍ വീട്ടിലെത്തിത്തന്നെയാണ് നടക്കുന്നത്. അതിനാല്‍ത്തന്നെ പുതിയ പാസ്‌പോര്‍ട്ടിന് കാലതാമസം നേരിടുന്നതായി പല പരാതികളും ലഭിക്കുന്നു. അതിനാലാണ് കേന്ദ്ര വിദേശ കാര്യ വകുപ്പിന്റെ പുതിയ നടപടി. പാസ്‌പോര്‍ട്ട് ലഭിച്ചതിനു ശേഷം പോലീസ് വെരിഫിക്കേഷന്‍ നടത്തിയാല്‍ മതി എന്ന ഓപ്ഷനും ഇതിലൂടെ ലഭ്യമാവും. നിലവില്‍ അത്തരത്തിലുള്ള സൗകര്യമുണ്ടെങ്കിലും അത് പൂര്‍ണമായ അര്‍ത്ഥത്തില്‍ പ്രയോജനപ്പെടുത്തുന്നതിന് സാങ്കേതിക തടസ്സങ്ങളുണ്ടായിരുന്നു. ഇത് പ്രവാസികളുടെ നാട്ടിലുള്ള കുടുബാംഗങ്ങള്‍ക്കും, ബന്ധുക്കള്‍ക്കും വളരെയേറെ പ്രയോജനപ്പെടും.