10:41am 10/3/2016
ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പില്‍ ലോകം കാത്തിരിക്കുന്ന ആവേശപ്പോരാട്ടമായ ഇന്ത്യ-പാക് മത്സരത്തിനുള്ള വേദി മാറ്റി.ഈ മാസം 19ന് നടക്കുന്ന മത്സരം മുന്‍നിശ്ചയിച്ച വേദിയായ ഹിമാചല്‍ പ്രദേശിലെ ധര്‍മശാലയില്‍ നിന്നു കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡിന്‍സിലേക്കാണ് വേദി മാറ്റിയത്. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റേതാണ് തീരുമാനം.
സുരക്ഷാ ക്രമീകരണങ്ങളില്‍ വിശ്വാസമില്ലെന്നും ധര്‍മശാലയിലെ വേദി മാറ്റണമെന്നും ആവശ്യപ്പെട്ട് പാക് ക്രിക്കറ്റ് ബോര്‍ഡ് ഇന്നലെ ഐ.സി.സിയെ സമീപിച്ചിരുന്നു. പ്രശ്നം വിശകലനം ചെയ്ത ശേഷം ഐ.സി.സി. പാക് നിലപാട് അംഗീകരിക്കുകയായിരുന്നു.
ധര്‍മശാലയിലെ മത്സരത്തിന് സുരക്ഷ നല്‍കാനാവില്ലെന്ന് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ അറിയിച്ചതാണ് പാക് പിന്മാറ്റത്തിനു കാരണം. ധര്‍മശാലയില്‍ സുരക്ഷ ഒരുക്കാനാവില്ലെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ അവിടേക്ക് താരങ്ങളെ അയയ്ക്കാനാവില്ലെന്ന് പി.സി.ബി. തറപ്പിച്ചു പറഞ്ഞു.
എന്നാല്‍ കൊല്‍ക്കത്തയിലോ ന്യൂഡല്‍ഹിയിലോ കളിക്കാമെന്നും പാക് ബോര്‍ഡ് വ്യക്തമാക്കി. ഇതോടെ ധര്‍മശാലയ്ക്കു പകരം ഫിറോസ് ഷാ കോട്ലയും ഈഡനും പരിഗണനയില്‍ വരികയായിരുന്നു. ഒടുവില്‍ അന്തിമ ചര്‍ച്ചകള്‍ക്കു ശേഷം നറുക്ക് ഈഡനു വീണു.
പഠാന്‍കോട്ട് വ്യോമാതാവളത്തില്‍ പാക് ഭീകരരര്‍ ആക്രമണം നടത്തി നിരവധി സൈനികര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ധര്‍മശാല പാക് ക്രിക്കറ്റ് ടീമിന് ആതിഥ്യമരുളുന്നതില്‍ പ്രതിഷേധിച്ച് മുന്‍ സൈനികര്‍ അടക്കമുള്ള രംഗത്തു വന്നതാണ് വിവാദങ്ങള്‍ക്കു തുടക്കമിട്ടത്.
മത്സരം തടസപ്പെടുത്തുമെന്നുള്‍പ്പടെയുള്ള ഭീഷണികള്‍ പലകോണില്‍ നിന്നുയര്‍ന്നതോടെ വേദി മാറ്റണമെന്ന് ഹിമാചല്‍ പ്രദേശ് സര്‍ക്കാരും നിലപാടെടുത്തു. എന്നാല്‍ ഹിമാചലില്‍ നിന്നുള്ള ബി.ജെ.പി. എം.പിയും ബി.സി.സി.ഐ. സെക്രട്ടറിയുമായ അനുരാഗ് ഠാക്കൂര്‍ മത്സരം ധര്‍മശാലയില്‍ തന്നെ നടത്തുമെന്നും നിര്‍ബന്ധം പിടിച്ചു.
സുരക്ഷയൊരുക്കാന്‍ സംസ്ഥാനത്തിനു കഴിയുന്നില്ലെങ്കില്‍ വേണ്ടി വന്നാല്‍ സൈന്യത്തെ തന്നെ വിന്യസിക്കാനുള്ള നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുമെന്നും അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി അനിശ്ചിതത്വം നിലനില്‍ക്കുകയായിരുന്നു.
എന്നാല്‍ ഹിമാചല്‍ സര്‍ക്കാരിന്റെ നിലപാട് പരിഗണനയിലെടുത്ത ഇന്നലെ പാക് ക്രിക്കറ്റ് ബോര്‍ഡ് സുരക്ഷ മുന്‍നിര്‍ത്തി വേദി മാറ്റണമെന്ന് ഐ.സി.സിയോട് അഭ്യര്‍ഥിച്ചതോടെ ധര്‍മശാലയില്‍ മത്സരം നടത്താമെന്ന ബി.സി.സി.ഐ. മോഹം പൊലിഞ്ഞു.