5/3/2016
തോമസ് കൂവള്ളൂര്‍
ന്യൂയോര്‍ക്ക്,
2016 മാര്‍ച്ച 12-ന് ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ന്യൂയോര്‍ക്കിലെ ടൈസല്‍ സെന്ററില്‍ വച്ചു ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക നടത്താനിരിക്കുന്ന നാഷണല്‍ ഡിബേറ്റിന്റെ വിഷയം എന്തു കൊണ്ടും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്.ആനുകാലിക പ്രാസക്തിയുളള ഇത്തരത്തിലുളള ഒരു വിഷയം തെരഞ്ഞെടുക്കാന്‍ ഇന്ത്യ പ്രസ് ക്ലബ്‌ന്റെ ഭാരവാഹികള്‍ ശ്രദ്ധ കാണിച്ചതിന് അതിന്റെ ഭാാരവാഹികളെ അഭിനന്ദികേണ്ടിയിരിക്കുന്നു.എല്ലാറ്റിനുമുപരി, പ്രസ്ത പരുപാടിയില്‍ പങ്കെടുക്കുന്നതിന് സമൂഹത്തിലെ അറിയപ്പെടുന്ന വിവിധ സാമൂഹ്യ-രാഷ്ട്രീയ സംഘടനാ നേതാക്കളെയും ക്ഷണിച്ചിട്ടും അറിയാന്‍ കഴിയുന്നു.അതും ഒരു പുതിയ കാല്‍ വയ്പായി കണക്കാക്കാവുനന്താണ്.
നിത്യജീവിതത്തില്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന പ്രസ്തുത ഡിബേറ്റ് നയിക്കുന്നത് ഐ.പി.സി.എന്‍ ഭാരവാഹികള്‍ തെരഞ്ഞെടുത്ത് അമേരിക്കയില്‍ നിന്ന് ജേണലിസത്തില്‍ മാസ്റ്റര്‍ ബിരുദം നേടിയപ്രഗത്ഭ ജേണലിറ്റായ പി രാജേന്ദ്രനാണെന്നുള്ളത്. ഈ ഡി ബേറ്റിന്റെ പ്രധാന്യം വര്‍ധിപ്പിക്കുന്നു.
മാധ്യമരംഗത്ത് രണ്ട് പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തനപരിചയമുള്ളതും മുംബയില്‍ ഫ്രി പ്രസ് ജേര്‍ണല്‍, മിഡ് ഡോ, ടി.വി ടുഡെ തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ച പി രാജേന്ദ്രന്‍ ഇപ്പോള്‍ ഇന്‍ഡ്യാ എബ്രോഡ് റിഡിഫ് ഡപ്യൂട്ടി മാനേജിംഗ് എഡിറ്ററായി ജോലി നോക്കുന്നു. അദ്ദേഹത്തെ പോലെ സോഷ്യല്‍ മീഡിയയുടെ പ്രാധാന്യം ശരിക്കറിയാവുന്നപരിചയ സമ്പന്നനായ ഒരാളാണ് ഈ ഡിബേറ്റ് നയിക്കുന്നത് എന്ന ഒറ്റക്കാരണത്താല്‍ ഈ ഡിബേറ്റ് പങ്കെടുക്കുന്നവര്‍ക്കുകൂടി വിജ്ഞാനപ്രദമാകുമെന്നതില്‍ സംശയമില്ല.
ഈ അവസരത്തില്‍ സോഷ്യല്‍ മീഡിയ എന്താണെന്നും ഇന്ന് അവയ്ക്ക് ജനങ്ങളിലുള്ള സ്വാധീനം എത്രമാത്രം വലുതാണെന്നും അല്‍പ്പം വിചിന്തനം നടത്തുന്നത് നന്നായിരിക്കുമെന്ന് കരുതുന്നു. വാസ്തവത്തില്‍ സമൂഹവുമായി എളുപ്പം ബന്ധപ്പെടാനുള്ള മാധ്യമമാണ് സോഷ്യല്‍ മീഡിയ എന്നു പറയാം. ഇന്ന് സോഷ്യല്‍ മീഡിയ രംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന മാധ്യമങ്ങളാണ് ഫെയിസ് ബുക്ക്, ട്വിറ്റര്‍, മൈ സ്‌പേസ്, യുട്യൂബ്, ഇമെയില്‍, ബ്ലോഗുകള്‍ മുതലായവ. സെല്‍ഫോണുകളുടെ കണ്ടുപിടുത്തത്തോടെ ലോകത്തിന്റെ ഏതുഭാഗത്തും നടക്കുന്ന സംഭവങ്ങള്‍ അപ്പപ്പോള്‍ അതേപടി തങ്ങളുമായി ബന്ധമുള്ളവര്‍ക്ക് അയച്ചുകൊടുക്കാന്‍ ഇന്റര്‍നെറ്റിലൂടെ സാധിക്കുന്നു.
ഇന്നേക്ക് 25 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള മാധ്യമങ്ങളുടെ അവസ്ഥനോക്കിയാല്‍ നമുക്ക് കാണാന്‍ സാധിക്കും അന്ന് ജനങ്ങളിലേക്ക് വാര്‍ത്തകള്‍ എത്തിക്കുന്നതിന് പത്രങ്ങളും മാസികകളും പുസ്തകങ്ങളും റേഡിയോ, ടെലിവിഷന്‍ എന്നിവയും ആയിരുന്നു. ഇന്നത്തേതിനെ അപേക്ഷിച്ച് അവ വളരെ ചിലവേറിയതായിരുന്നു. ഇന്റര്‍നെറ്റിന്റെ ആവിര്‍ഭാവത്തോടെ ഇ മെയിലുകളിലൂടെയും ബ്ലോഗുകളിലൂടെയും വ്യക്തികളുമായി ആശയങ്ങളും ചെന്തകളും ചിലവ് കുറഞ്ഞ രീതിയില്‍ വളരെ വേഗം എത്തിക്കാമെന്ന അവസ്ഥയിലെത്തി.
കുറേകൂടി പുറകോട്ട് നോക്കിയാല്‍ സോഷ്യല്‍ മീഡിയ വിവിധ കാലഘട്ടങ്ങളില്‍ രൂപാന്തരം പ്രാപിച്ചുണ്ടായ ഒന്നാണെന്ന് കാണാന്‍ കഴിയും സമൂഹവുമായി എളുപ്പത്തില്‍ ബന്ധപ്പെടാന്‍ കഴിയുന്ന പല മാധ്യമങ്ങളും പണ്ടുകാലത്തും നിലനിന്നരുന്നു.
നൂറ്റാണ്ടകള്‍ക്ക് മുന്‍പ് ചക്രവര്‍ത്തിമാരും രാജാക്കന്‍മാരും ഭരിച്ചിരുന്ന കാലത്ത് പ്രധാനപ്പെട്ട കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍രാജസേവകരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍വിട്ട് ചെണ്ടകൊട്ടി സന്ദേശങ്ങള്‍ അറിയിച്ചിരുന്നതായി കാണാം.
രാജഭരണകാലത്തും അരമന രഹസ്യം അങ്ങാടിപ്പാട്ടായി മാറിയ ചരിത്രവും ചിലരെങ്കിലും കേട്ടിരിക്കും. അത് കേട്ടിരിക്കുന്നത് ഇങ്ങിനെയാണ്. ഏതോ രാജാവിന് മുടിവെട്ടാന്‍ വന്ന ക്ഷുരകന്‍ രാജാവിന് കഴുതച്ചെവിയുണ്ടെന്ന കാര്യം മനസിലാക്കി. പക്ഷെ പുറത്ത് പറഞ്ഞാല്‍ അയാളുടെ തലപോകുമെന്ന് ക്ഷുരകന് നന്നായി അറിയാമായിരുന്നു. പക്ഷെ രഹസ്യം പുറത്ത് പറയാതെ അയാള്‍ക്ക് ഇരിക്കപ്പൊറുതിയില്ലാതെയായി. ഒടുവില്‍ അയാള്‍ ഒരു കാടിനുള്ളില്‍ പോയി ഒരു കുഴി കുഴിച്ച് ആ കുഴിയില്‍ ഇരുന്ന് ആരുമില്ല എന്ന വിശ്വാസത്തില്‍ രാജാവിന് കഴുതച്ചെവിയാണേ… എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. എന്നാല്‍ ആ സമയം കാട്ടില്‍ വിറക് ശേഖരിച്ചുകൊണ്ടിരുന്ന ചിലര്‍ അതുകേട്ടു. അങ്ങിനെ ആ അരമന രഹസ്യം അങ്ങാടിപ്പാട്ടായത്രെ.
എന്തിനേറെ കുഞ്ചന്‍ നമ്പ്യാരുടെ കാലത്ത് പൂരപ്പറമ്പകളില്‍ പോയി ഓട്ടന്‍ തുള്ളലിലൂടെ പ്രധാനപ്പെട്ട കാര്യങ്ങള്‍ ജനങ്ങളെ അറിയിച്ചിരുന്നതായി കാണാന്‍ കഴിയും.
എമ്പ്രാനല്പം കട്ടുഭുജിച്ചാല്‍ അമ്പലവാസികളാകെക്കക്കും എന്ന പദ്യശകലത്തില്‍ നിന്നും ഇത് നമുക്കുമനസിലാക്കാം. പണ്ട് കേരളത്തില്‍ സാമൂഹിക ചലനമുണ്ടാക്കാന്‍ നക്‌സലൈറ്റുകള്‍ തിരഞ്ഞെടുത്ത മാര്‍ഗം ലഘു ലേഖകള്‍ സാധാരണക്കാരുടെ ഇടയില്‍ വിതരണം ചെയ്ത് അവരെ വിപ്ലവ വീര്യമുള്ളവരാക്കുക എന്നതായിരുന്നു എന്ന് പഴമക്കാരില്‍ ചിലര്‍ക്കെങ്കലും ഇപ്പോഴും ഓര്‍മ്മയുണ്ടാകും.
ചുരുക്കത്തില്‍ സോഷ്യല്‍മീഡിയ അതേതു രീതിയിലുമായിക്കൊള്ളട്ടെ ജനങ്ങളില്‍ കോളിളക്കം ശൃഷ്ടിക്കാന്‍ കഴിവുള്ള ഒന്നാണെന്ന കാര്യത്തില്‍ സംശയമില്ല. ഫേസ് ബുക്കിലൂടെയും ട്വിറ്ററിലൂടെയും യൂട്യൂബിലൂടെയും ബ്ലോഗുകളിലൂടെയും ടെക്‌സ്റ്റിങ്ങിലൂടെയും മനസിലുള്ള ആശയങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്ന എളുപ്പ മാര്‍മാണ്. 2016ലെ അമേരിക്കന്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള മത്സരം നടന്നുകൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനം നമുക്കു വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കും. പ്രസിഡന്റ് സ്ഥാനാര്‍ഥികളായി മുന്‍നിരയില്‍ നില്‍ക്കുന്ന ട്രമ്പും ഹിലാരിയുമെല്ലാം സന്ദേശം നല്‍കുന്നത് റ്റ്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും, യു ട്യൂബിലൂടെയുമാണെന്ന് ഓരോ ദിവസവും, എന്തിനേറെ ചിലപ്പോള്‍ ഓരോ നിമിഷവും നമുക്കു കാണാന്‍ കഴിയും. പലപ്പോഴും എതിര്‍സ്ഥാനാര്‍ഥികളുടെയും എതിര്‍പാര്‍ട്ടികളുടെയും കുറ്റങ്ങളും കുറവുകളും പൊക്കിയെടുത്ത് അവരെ തേജാവധം ചെയ്യാനും സോഷ്യല്‍ മീഡിയ അമിതമമായി ഉപയോഗിച്ചുവരുന്നതും നാം കാണാറുണ്ട്.
സോഷ്യല്‍ മീഡിയകള്‍ക്ക് ഗുണത്തേക്കാളേറെ ദോഷവും ഉണ്ടെന്നു കാണാം. സ്‌കൂളുകളിലും കോളജുകളിലും പഠിക്കുന്ന സമര്‍ത്ഥരായ കുട്ടികളുടെ ഭാവി നശിപ്പിക്കാന്‍ വരെ സോഷ്യല്‍ മീഡിയ പലപ്പോഴും ഉപയോഗിക്കാറുള്ളതായും, ചിലകുട്ടികള്‍ മാനഹാനി ഭയന്ന് ആത്മഹത്യവരെ ചെയ്തതായും നാം പലപ്പോഴും വാര്‍ത്തകളിലൂടെ കാണാറുണ്ട്. എന്തിനേറെ, ചാറ്റിങ്ങിലൂടെ കെണിയിലകപ്പെട്ട് ജയിലില്‍ കഴിയുന്ന നിരവധി ചെറുപ്പക്കാരുടെ കഥകളും നാം കേള്‍ക്കാറുണ്ടല്ലോ. സോഷ്യല്‍ മീഡിയയിലൂടെ ചാറ്റിങ്ങ് നടത്തി ന്യൂജേഴ്‌സിയിലെ പസ്സായിക് കൗണ്ടി ജയിലില്‍ ഏറെക്കുറെ രണ്ട് വര്‍ഷത്തോളമായി വിധിയും കാത്തു കഴിയുന്ന ഒരു മലയാളി ചെറുപ്പക്കാരന്റെ കാര്യം ഈ അവസരത്തില്‍ ഞാന്‍ ഓര്‍ത്തുപോകുന്നു. ഈ മാസം 24ന് രാവിലെ ഒമ്പതിന് ആ ചെറുപ്പക്കാരന്റെ വിധി ദിവസമാണ്. ആ ചെറുപ്പക്കാരന്റെ മേല്‍ കരുണയുണ്ടാകണമെന്ന് അപേക്ഷിച്ചുകൊണ്ട് പല മലയാളി നേതാക്കളും ഇതിനോടകം ജഡ്ജിക്ക് എഴുതുകയുമുണ്ടായി.
അമേരിക്കയിലെ കറുത്ത വര്‍ഗക്കാര്‍ തങ്ങളുടെ പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കാറുള്ളത് സോഷ്യല്‍മീഡിയ വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്തിയാണ്.
മാര്‍ച്ച് 12ന് നടക്കാനിരിക്കുന്ന ഡിബേറ്റില്‍ സോഷ്യല്‍ മീഡിയ സമൂഹത്തിനു പരമാവധി പ്രയോജനകരമായി എങ്ങിനെ വിനിയോഗിക്കാനാവും എന്നുകൂടി വിശദീകരിക്കാന്‍ ഡിബേറ്റിന്റെ ഭാരവാഹികള്‍ ശ്രദ്ധിച്ചാല്‍ ഡിബേറ്റ് പൂര്‍ണമാകുമെന്ന് പ്രതീക്ഷിക്കാം.
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക നടത്തുന്ന സോഷ്യല്‍ മീഡിയയെപ്പറ്റിയുള്ള ഈ ഡിബേറ്റ് ഒരു വന്‍ വിജയമായിത്തീരുമെന്ന് നമുക്കു പ്രതീക്ഷിക്കാം. ഡിബേറ്റിനെപ്പറ്റി കൂടുതല്‍ അറിയേണ്ടവര്‍ക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടാവുന്നതാണ്.
രാജു പള്ളത്ത്:
മധു കൊട്ടാരക്കര:
ജോസ് കാടപുറം: