01:30 PM 21/06/2016
ന്യൂഡൽഹി: ചിത്രീകരണത്തിനിടയിലെ അമിത ജോലിഭാരത്തെ ബലാൽസംഗം ചെയ്യപ്പെട്ട സ്ത്രീയോടുപമിച്ച് വെട്ടിലായ സൽമാൻ ഖാൻ ഏഴ് ദിവസത്തിനകം മാപ്പ് പറയണമെന്ന് ദേശീയ വനിതാ കമീഷൻ. ഇല്ലെങ്കിൽ കമീഷൻ മുമ്പാകെ വിളിച്ചുവരുത്തി വിശദീകരണമാവശ്യപ്പെടുമെന്നും കമീഷൻ മുന്നറിയിപ്പ് നൽകി.
തന്റെ ഏറ്റവും പുതിയ ചിത്രമായ സുൽത്താന്റെ ചിത്രീകരണ വിശേഷങ്ങൾ ഒരു ഓൺലൈൻ പോർട്ടലിനോട് പങ്കുവെക്കവെയാണ് ഷൂട്ടിങ് ദിനങ്ങളിലെ അമിത ജോലിഭാരത്തെക്കുറിച്ച് ‘ബലാൽസംഗം ചെയ്യപ്പെട്ട സ്ത്രീയെപ്പോലെ’ എന്ന് സൽമാൻഖാൻ വിശേഷിപ്പിച്ചത്.
പിന്നീട് ഇതേക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് താനങ്ങനെയല്ല ഉദ്ദേശിച്ചത് എന്ന് പറഞ്ഞ് തലയൂരാൻ സൽമാൻ ഖാൻ ശ്രമിച്ചിരുന്നു.’ ഷൂട്ടിങ് കഴിഞ്ഞ് ഒരടി പോലും നടക്കാൻ കഴിഞ്ഞിരുന്നില്ല, ഏറെ ബുദ്ധിമുട്ടിയിരുന്നു’ എന്നാണ് താൻ അർഥമാക്കിയത് എന്നാണ് സൽമാന്റെ വിശദീകരണം.