അല്‍ഫോന്‍സ് പുത്രന് സംവിധാനം ചെയ്ത പ്രേമത്തിന് സംസ്ഥാന അവാര്‍ഡ് നല്‍കാത്തതിനുള്ള ജൂറിയുടെ വിലയിരുത്തലിനെ വിമര്‍ശിച്ച് സംവിധായകന് ആഷിഖ് അബു. ഒരു സംവിധായകന് ഉഴപ്പി ചെയ്ത സിനിമയാണ് സര് കേരളം മുഴുവന്‍ ഉത്സവം പോലെ കൊണ്ടാടിയത്. ആ സംവിധായകന് കൊടുക്കാന്‍ പറ്റിയ നല്ല ബെസ്റ്റ് പ്രോത്സാഹനമാണിതെന്നും ആഷിഖ് അബു ഫേസ്ബുക്കില്‍ കുറിച്ചു.
‘പ്രേമം സിനിമ മികച്ച എന്റര്‍ടെയ്നറാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ലെങ്കിലും പ്രേമത്തിന്റെ മേക്കിങ്ങില്‍ അദ്ദേഹം ഉഴപ്പിയെന്നായിരുന്നു ജൂറി ചെയ്ര്മാന് എം മോഹന്റെ വിലയിരുത്തല്‍.
‘അവാര്‍ഡിനായി ഒരു സിനിമ പരിഗണിക്കുമ്പോള്‍ പല ഘടകങ്ങളും പരിഗണിക്കേണ്ടതുണ്ട്. അവാര്‍ഡ് ലഭിക്കാനുള്ള മൂല്യങ്ങള്‍ സിനിമയ്ക്ക് ഉണ്ടായിരുന്നില്ല. ഒരു സിനിമ അതിന്റെ തികവില്‍ എത്തണമെങ്കില്‍ പല ഘടകങ്ങളും ഒരുമിക്കണം. എന്നാല്‍, പ്രേമം അത്തരത്തിലൊരു പെര്‍ഫെക്ട് മേക്കിംഗാണെന്ന് പറയാന്‍ സാധിക്കില്ല. പ്രേമത്തിന്റെ സംവിധായകന് അല്‍ഫോണ്‍സ് പുത്രന് സിനിമ നന്നായി സംവിധാനം അറിയാഞ്ഞിട്ടല്ല. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ നേരം എല്ലാ തരത്തിലും ഒരു പെര്‍ഫെക്ട് സിനിമയാണ്. പക്ഷെ പ്രേമത്തിന്റെ മേക്കിംഗിലേക്ക് വരുമ്പോള്‍ ഒരു ഉഴപ്പന് നയമാണ് സംവിധായകന് സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ പുരസ്ക്കാര ജേതാക്കളെ നിര്‍ണയിക്കുന്ന ഒരു ഘട്ടത്തിലും പ്രേമത്തിനെ പരിഗണിച്ചിരുന്നേയില്ല’ –ഇതായിരുന്നു ജൂറിയുടെ വിലയിരുത്തല്‍.
ജൂറി ചെയര്മാന് ഇങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഒരു സിനിമ എഴുതി, സംവിധാനം ചെയ്ത് എഡിറ്റ് ചെയ്ത് ,കളര്‍ ചെയ്ത് ,ജീവിതത്തിന്റെ വലിയൊരു സമയം ചിലവാക്കി, ആ സിനിമ സൂപ്പര്‍ ഹിറ്റാക്കിയ, ഒരു സാധാരണ ആലുവക്കാരന്‍ പയ്യന് ഒട്ടും സന്തോഷം ഉണ്ടാക്കുന്ന കാര്യം അല്ല ഇതെന്നും പെരുന്തച്ചന് കോംപ്ലെക്സ് അതിരുകടക്കുന്നുവെന്നും ആഷിഖ് അബു ഫേസ്ബുക്കില്‍ കുറിച്ചു.
ചിത്രത്തിന് അവാര്‍ഡ് നല്‍കാത്തതിനെ വിമര്‍ശിച്ച് നേരത്തെ തമിഴ് സംവിധായകന് എ.ആര് മുരുഗദോസും രംഗത്തെത്തിയിരുന്നു.