കനത്ത മഴയെ തുടര്‍ന്ന് യു.എ.ഇയില്‍ സ്‌കൂളുകള്‍ക്ക് ഇന്ന അവധി

09:55am 10/3/2016
download
ദുബൈ/അബൂദബി: യു.എ.ഇയില്‍ രണ്ടാം ദിവസവും തുടരുന്ന ശക്തമായ മഴ ജനജീവിതം അവതാളത്തിലാക്കി. മോശം കാലാവസ്ഥയെ തുടര്‍ന്ന് അബൂദബിയിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കി. സ്‌കൂളുകളും ഓഫിസുകളും നേരത്തെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. സ്‌കൂളുകള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കേരള സിലബസ് എസ്.എസ്.എല്‍.സി, പ്ലസ് ടു എന്നിവയും സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷകളും നടക്കും.
കനത്ത മഴയില്‍ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിലാണ്. ശക്തമായ കാറ്റില്‍ കെട്ടിടങ്ങളുടെ ചില്ലുകള്‍, പരസ്യ ബോര്‍ഡുകള്‍, മരങ്ങള്‍, വൈദ്യുത പോസ്റ്റുകള്‍ തുടങ്ങിയവ നിലംപൊത്തി. മഴയോടൊപ്പം ശക്തമായ ഇടിയും മിന്നലുമുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രണ്ടുദിവസമായി തുടരുന്ന ഒറ്റപ്പെട്ട മഴ ബുധനാഴ്ച വ്യാപകമാവുകയായിരുന്നു. ഏഴ് എമിറേറ്റുകളിലും കനത്ത മഴ ലഭിച്ചു.

അബൂദബിയിലാണ് മഴ ഏറ്റവും ശക്തമായത്. റോഡുകളില്‍ വെള്ളം പൊങ്ങുകയും മരങ്ങള്‍ കടപുഴകി പാതകളിലേക്ക് വീഴുകയും ചെയ്തതോടെ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. കാറ്റില്‍ ബോര്‍ഡുകളും മറ്റും പറന്നുവീണ് നിരവധി വാഹനങ്ങള്‍ക്ക് കേടുപാട് പറ്റി. അബൂദബിയിലെയും ദുബൈയിലെയും നിരവധി പരിപാടികള്‍ റദ്ദാക്കി. അബൂദബി എയര്‍ എക്‌സ്‌പോ രണ്ടാം ദിവസവും നിര്‍ത്തിവെച്ചു. ദുബൈ ഗ്‌ളോബല്‍ വില്‌ളേജ് പ്രദര്‍ശന നഗരി അടച്ചിട്ടു. കനത്തമഴ ദൂരക്കാഴ്ച കുറച്ചതിനാല്‍ 253 വാഹനാപകടങ്ങളാണ് ദുബൈയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ആളപായമില്ല. അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ വാഹനങ്ങള്‍ റോഡിലിറക്കുന്നത് ഒഴിവാക്കണമെന്ന് പൊലീസും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കി. പല റോഡുകളും വെള്ളക്കെട്ടിന്റെ പിടിയിലാണ്. വടക്കന്‍ എമിറേറ്റുകളില്‍ നദികള്‍ നിറഞ്ഞൊഴുകി.

അബൂദബി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ബുധനാഴ്ച ഉച്ചകഴിഞ്ഞ് പുനഃസ്ഥാപിച്ചു. ദുബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ മഴ ബാധിച്ചില്ല. മെട്രോ, ട്രാം സര്‍വീസുകള്‍ക്കും മുടക്കമുണ്ടായില്ല. അബൂദബി സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ പ്രവര്‍ത്തനവും ബുധനാഴ്ച നിര്‍ത്തിവെച്ചിരുന്നു. നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം നേരത്തേ അവസാനിപ്പിക്കുകയും ജീവനക്കാര്‍ക്ക് നേരത്തേ പോകുന്നതിന് അവസരം ഒരുക്കുകയും ചെയ്തു. ശക്തമായ മഴയും കാറ്റുമുള്ളതിനാല്‍ ജനങ്ങള്‍ താമസ സ്ഥലത്ത് തന്നെ കഴിയണമെന്നും അത്യാവശ്യ കാര്യങ്ങള്‍ക്ക് അല്ലാതെ പുറത്തിറങ്ങരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചിരുന്നു.