മിസൂറി: അണ്ഡാശയ കാന്‍സര്‍ ബാധിച്ച് യുവതി മരിച്ചത് ജോണ്സണ് ആന്‍ഡ് ജോണ്‍സണിന്റെ ഉല്പന്നം ഉപയോഗിച്ചാണെന്ന പരാതി ശരിവെച്ച് 7.2 കോടി യു.എസ് ഡോളര്‍ യുവതിയുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരമായി കമ്പനി നല്‍കണമെന്ന് മിസൂറി സ്റ്റേറ്റ് കോടതി വിധി. മഗ്നീഷ്യം സിലിക്കേറ്റ് കലര്‍ന്ന കുട്ടികളുടെ പൗഡറും ഷവര്‍ ആന്‍ഡ് ഷവറും ഉപയോഗിച്ചാണ് തനിക്ക് രോഗം ബാധിച്ചതെന്ന് ചൂണ്ടിക്കാട്ടി അലബാമയിലെ ജാക്വലിന് ഫോക്സ് മൂന്നു വര്‍ഷം മുമ്പാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ഒക്ടോബറില്‍ രോഗം മൂര്‍ച്ഛിച്ച് ഇവര്‍ മരണത്തിന് കീഴടങ്ങി. 35 വര്‍ഷത്തോളം പൗഡര്‍ ഉപയോഗിച്ചതായി ഫോക്സ് പറഞ്ഞിരുന്നു.
ഇതാദ്യമായാണ് ഇത്തരം കേസില്‍ യു.എസ് ജൂറി നഷ്ടപരിഹാരം വിധിക്കുന്നത്. മഗ്നീഷ്യം സിലിക്കേറ്റ് കലര്‍ന്ന ഉല്പന്നങ്ങള് ദീര്‍ഘകാലം ഉപയോഗിക്കുമ്പോള്‍ കാന്‍സര്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്കുന്നതില് വീഴ്ചസംഭവിച്ചതായി ജോണ്സണ് ആന്‍ഡ് ജോണ്സണ് സമ്മതിച്ചു. കമ്പനിക്കെതിരെ മിസൂറി സ്റ്റേറ്റ് കോടതിയില്‍ 1000 കേസുകളും ന്യൂജഴ്സി കോടതിയില്‍ 200 കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.