04:06pm 15/5/2016
– പി.പി.ചെറിയാന്
ഫ്ളോറിഡ: ഏഴുവയസ്സുകാരിയായ മോളിയും, ജര്‍മ്മന്‍ ഷെപ്പെഡും പരസ്പരം ഇണപിരയാനാവാത്ത കൂട്ടുക്കാരാണ് മോളി എവിടെ പോയാലും, പിന്തുടര്ന്ന് ജര്‍മ്മന്‍ ഷെപ്പേഡും ഉണ്ടാകും. ടാംബയിലുള്ള മോളിയുടെ ബാക്ക്യാര്‍ഡില്‍ മെയ് 12 ബുധനാഴ്ച ഇരുവരും നടക്കുന്നതിനിടയില്‍ എവിടെ നിന്നോ എത്തിയ ഉഗ്രവിഷമുള്ള റാറ്റില്‍ സ്നേക്ക് മോളിയെ ആഞ്ഞുകൊത്തുന്നതിനായി അടുത്തുവരുന്നത് ജര്‍മ്മന്‍ ഷെപ്പേഡിന്റെ ശ്രദ്ധയില്‍പ്പെട്ടു. പിന്നെ ഒന്നും ആലോചിക്കേണ്ടി വന്നില്ല. മോളിക്കും പാമ്പിനും ഇടയില്‍ പട്ടി ചാടി വീണു. പാമ്പിന്റെ പക തീര്‍ക്കുന്നതിന് മൂന്നു തവണയാണ് പട്ടിയെ ആഞ്ഞുകൊത്തിയത്. ഇരയെ ലഭിക്കാത്തതിലുള്ള നിരാശയോടെ പാമ്പു ഇഴഞ്ഞു നീങ്ങുമ്പോള്‍ കൂട്ടുക്കാരിയെ രക്ഷിക്കാന്‍ കഴിഞ്ഞ സംതൃപ്തിയോടെ ജര്‍മ്മന്‍ ഷെപ്പേഡ് കുഴഞ്ഞു വീണു. രക്തം വമിക്കുന്ന മുറിവുമായി ദീന രോദനം പുറപ്പെടുവിച്ച ജെര്‍മ്മന്‍ ഷെപ്പേഡിനെ ഉടനെ വെറ്റനറി ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നടത്തി. ചിലവേറിയ ആന്റിവെനം(Anti Venom) വാങ്ങുന്നതിനാവശ്യമായ തുക ഈ സംഭവം കേട്ടറിഞ്ഞ നല്ലവരായ ജനങ്ങള്‍ സംഭാവന ചെയ്തു. ഒറ്റദിവസം കൊണ്ടു ജെര്‍മ്മന്‍ ഷെപ്പേഡിന്റെ ചികിത്സക്കായി ലഭിച്ചത് 33,000 ഡോളര്‍. പട്ടിയെ രക്ഷിക്കാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ വിശ്വസിക്കുന്നത്.
മകളുടേയും, പാമ്പിന്റേയും നടുവില്‍ പട്ടി നിന്നില്ലായിരുന്നുവെങ്കില്‍ എന്നെന്നേക്കുമായി മോളിയെ നഷ്ടപ്പെടുമായിരുന്നുവെന്ന് മാതാവ് സോണിയ പറഞ്ഞു. മോളിയുടേയും, പട്ടിയുടേയും ജീവന് രക്ഷിക്കുന്നതിനു സഹകരിച്ച എല്ലാവരേയും സോണിയ പ്രത്യേകം നന്ദി പറഞ്ഞു.