കൊലയാളിയുടെ പുസ്തകം ആമസോണ്‍ പിന്‍വലിച്ചു

Robert-Pickton

ഓട്ടവ: വില്‍പനക്കുവെച്ച് മണിക്കൂറുകള്‍ക്കകമാണ് ‘പിക്റ്റണ്‍: ഇന്‍ ഹിസ് ഓണ്‍ വേഡ്‌സ്’ എന്ന പുസ്തകം പിന്‍വലിച്ചത്. കാനഡയില്‍ കൊലപാതക പരമ്പര നടത്തിയ റോബര്‍ട്ട് പിക്റ്റണിന്റെ ഓര്‍മക്കുറിപ്പുകളടങ്ങിയ പുസ്തകം ആമസോണ്‍ പിന്‍വലിച്ചു. പുസ്തകത്തിന്റെ പ്രസാധകരായ യു.എസിലെ ഔട്ട്‌സ്‌കേര്‍ട്ട്‌സ് പ്രസ്, ഓണ്‍ലൈന്‍ വ്യാപാരഭീമനായ ആമസോണിനോടാവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വില്‍പന നിര്‍ത്തിയത്. പ്രസാധകര്‍ ഇരകളുടെ കുടുംബത്തോട് മാപ്പുചോദിച്ച് പ്രസ്താവനയിറക്കിയിട്ടുണ്ട്.
കോടീശ്വരനായിരുന്ന പന്നിവളര്‍ത്തുകാരന്‍ പിക്റ്റണ്‍ 26 സ്ത്രീകളെയാണ് കൊലപ്പെടുത്തിയത്. മിക്കപേരുടെയും മൃതദേഹങ്ങള്‍ തന്റെ പന്നികള്‍ക്ക് ഭക്ഷിക്കാന്‍ നല്‍കിയിരുന്നു. ആറുപേരെ കൊന്നതിന് ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ഇയാള്‍ ജയിലില്‍ കഴിയുന്നതിനിടക്കാണ് പുസ്തകം എഴുതിയത്.
സഹതടവുകാരന്റെ സഹായത്തോടെയാണ് പിക്റ്റണ്‍ പുസ്തകം പ്രസിദ്ധീകരിച്ചത്. താന്‍ നിരപരാധിയാണെന്നും പൊലീസുകാര്‍ തന്നെ കൊലയാളിയാക്കുകയായിരുന്നുവെന്നും ഇയാള്‍ ഓര്‍മക്കുറിപ്പില്‍ പറയുന്നുണ്ട്. പ്രസാധകരെക്കൂടാതെ പുസ്തകവില്‍പനക്കെതിരെ ബ്രിട്ടീഷ് കൊളംബിയന്‍ അധികൃതരും, പൊതുജന സുരക്ഷാ മന്ത്രിയും അരലക്ഷത്തോളം വായനക്കാരും രംഗത്തത്തെിയിരുന്നു.
പിക്റ്റണിന്റെ ക്രൂരതക്കിരയായവരുടെ കുടുംബത്തെ ഓര്‍ത്ത് പുസ്തകം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ചേഞ്ച്. ഓര്‍ഗ് വെബ്‌സൈറ്റിലൂടെ അരലക്ഷം പേരാണ് മുന്നോട്ടുവന്നത്. എന്നാല്‍, വിവാദ പുസ്തകവില്‍പനയെക്കുറിച്ചോ പിന്‍വലിച്ചതിനെക്കുറിച്ചോ ആമസോണ്‍ പ്രതികരിച്ചിട്ടില്ല.