10:28pm
13/2/2016
ഹവാന: ക്രൈസ്തവ സമൂഹത്തില്‍ ഐക്യത്തിന്റെ സന്ദേശം പകര്‍ന്ന് ഫ്രാന്‍സീസ് മാര്‍പാപ്പയും റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് കിറില്‍ പാത്രിയാര്‍ക്കീസുമായി കൂടിക്കാഴ്ച നടത്തി. ക്യൂബയിലെ ഹവാനയിലാണ് ഇരു സഭകളുടെയും അധ്യക്ഷന്മാര് ചരിത്രപരമായ കൂടിക്കാഴ്ച നടത്തിയത്.
പതിനൊന്നാം നൂറ്റാണ്ടില്‍ പാശ്ചാത്യ പൗരസ്ത്യ സഭകള്‍ തമ്മില്‍ പിരിഞ്ഞതിനു ശേഷം ആദ്യമായാണ് ഒരു മാര്‍പാപ്പയും പാത്രിയാര്‍ക്കീസും ചര്‍ച്ചയ്ക്ക് സന്നദ്ധരായത്. ഹവാന വിമാനത്താവളത്തില്‍ വെള്ളിയാ്ച നടന്ന കൂടിക്കാഴ്ച രണ്ടു മണിക്കൂര്‍ നീണ്ടു. വിമാനത്താവളത്തില്‍ വച്ച് പരസ്പരം ആലിംഗനം ചെയ്തും ചുംബിച്ചും ഇരുസഭാധ്യക്ഷന്മാരും തങ്ങളുടെ സ്നേഹവും ആദരവും പങ്കുവച്ചു. മാര്‍പാപ്പയെ ‘പ്രിയപ്പെട്ട സഹോദരന്’ എന്നു സംബോധന ചെയ്ത പാത്രിയര്‍ക്കീസ്, ‘താങ്കളെ അഭിവാദനം ചെയ്യുന്നതില്‍ താന്‍ സന്തുഷ്ട’നാണെന്നും അറിയിച്ചു.
ചര്‍ച്ചയ്ക്കു ശേഷം ഇരുവരും മാധ്യമങ്ങളെ കണ്ടു. ചര്‍ച്ച തുറന്ന മനസ്സോടെയും സാഹോദര്യത്തോടെയും ആത്മാര്ത്ഥതയോടെയുമായിരുന്നുവെന്ന് ഇരുവരും പറഞ്ഞു. ദൈവം ആഗ്രഹിക്കുന്ന പോലെ ഐക്യം പുനഃസ്ഥാപിക്കാന്‍ ഈ കൂടിക്കാഴ്ചയ്ക്ക് കഴിയുമെന്ന് പ്രത്യാശിക്കുന്നുവെന്ന് സംയുക്ത പ്രസ്താവനയില്‍ പറയുന്നു. മിഡില്‍ ഈസ്റ്റ്, വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ െ്രെകസ്തവ വിഭാഗങ്ങള്‍ക്കു നേരെ നടക്കുന്ന പീഡനത്തിന് പരിഹാരം കാണാന്‍ ഒരുമിച്ച് നീങ്ങാനും ഇരുവരും തീരുമാനിച്ചു. അവിടങ്ങളിലെ സഭകള്‍ മൃഗീയമായി പീഡിപ്പിക്കപ്പെടുകയും കവര്‍ച്ച ചെയ്യപ്പെടുകയും വിശുദ്ധ വസ്തുക്കളും സ്മാരകങ്ങളും നശിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.
മെക്സിക്കോ പര്യടനത്തിനിടെയാണ് ഫ്രാന്‍സീസ് മാര്‍പാപ്പ ഹവാനയില്‍ ഇറങ്ങിയത്. പാത്രിയര്‍ക്കീസ് നിലവില്‍ ക്യൂബ, ബ്രസീല്‍, പരാഗ്വെ പര്യടനത്തിലാണ്.