ചെങ്കടലായി കേരളം; താമരവിരിഞ്ഞു

9.48 PM 19-05-2016
election-kerala
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്. ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചതോടെ 91 സീറ്റു നേടിയാണ് ഇടതുമുന്നണി അധികാരത്തിലേറുന്നത്. യുഡിഎഫ് 47 സീറ്റില്‍ ഒതുങ്ങി. ആറിടത്തു യുഡിഎഫ് മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
കരള നിയമസഭയുടെ ചരിത്രത്തിലാദ്യമായി ബിജെപി അക്കൗണ്ട് തുറക്കുന്നുവെന്ന പ്രത്യേകതയ്ക്കും ഇത്തവണത്തെ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചു. നേമത്ത് ഒ രാജഗോപാല്‍ വിജയം നേടിയത് 8671 വോട്ടിനാണ്. അതേസമയം പൂഞ്ഞാറില്‍ സ്വതന്ത്രനായി മത്സരിച്ച പി സി ജോര്‍ജ് വന്‍ വിജയം നേടി. 27,281 വോട്ടിന്റെ ഭൂരിപക്ഷമാണു പി സി ജോര്‍ജിന്.
പോസ്റ്റല്‍ വോട്ട് എണ്ണിത്തുടങ്ങിയപ്പോള്‍ മുതല്‍ മുന്നില്‍ നിന്ന ഇടതു മുന്നണി വ്യക്തമായ ആധിപത്യം തുടരുകയായിരുന്നു. പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ വന്‍ മുന്നേറ്റം തന്നെയാണ് ഇടതു മുന്നണി നടത്തിയത്. കൊല്ലത്തും ഇടതു സ്ഥാനാര്‍ത്ഥികള്‍ സമ്പൂര്‍ണ ജയം നേടി. മലബാറില്‍ വ്യക്തമായ മുന്നേറ്റം നടത്തുന്ന എല്‍ഡിഎഫ് കൊല്ലം തിരുവനന്തപുരം ജില്ലകളിലും വന്‍ മുന്നേറ്റമാണ് നടത്തുന്നത്. വ്യക്തമായ മേല്‍കൈയാണ് ഇടതുപക്ഷത്തിന് ലഭിച്ചത്.
നേമത്ത് ബിജെപി വിജയത്തിലെത്തിയപ്പോള്‍ വട്ടിയൂര്‍ക്കാവിന്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ രണ്ടാമതെത്തി. ഇവിടെ കോണ്‍ഗ്രസിലെ കെ മുരളീധരനാണു വിജയം. കോന്നിയില്‍ അടൂര്‍പ്രകാശ് ലീഡ് 20,748 ആക്കി മണ്ഡലം സുരക്ഷിതമാക്കി. കണ്ണൂരില്‍ ബാക്കിയെല്ലാ മണ്ഡലങ്ങളിലും ഇടതുമുന്നണി വന്‍ വിജയത്തിലേക്കു കുതിച്ചപ്പോഴും ഇരിക്കൂറില്‍ കെ സി ജോസഫ് വിജയിച്ചു. കണ്ണൂരും പത്തനംതിട്ടയിലും കൊല്ലത്തും തിരുവനന്തപുരത്തും തൃശ്ശൂരും ഇടത് മുന്നേറ്റമാണ്. തൃശ്ശൂരില്‍ എല്ലായിടത്തും ഇടതു സ്ഥാനാര്‍ത്ഥികളാണു ജയിച്ചത്.
ബിജെപിയുടെ ഒ രാജഗോപാല്‍ പോസ്റ്റല്‍ വോട്ടിലും മുന്നിലെത്തി. പ്രതീക്ഷിച്ചതു പോലെ ഇടതുപക്ഷത്തിനാണ് പോസ്റ്റല്‍ വോട്ടില്‍ മുന്‍തൂക്കം ലഭിച്ചത്. കണ്ണൂരില്‍ നിന്നുള്ള ഫലങ്ങളാണ് ആദ്യം പുറത്തുവന്നത്. ഏവരും ഉറ്റു നോക്കുന്ന മത്സരം നടക്കുന്ന പത്തനാപുരത്ത് ഇടതുപക്ഷത്തിന്റെ കെ ബി ഗണേശ് കുമാര്‍ വ്യക്തമായ ലീഡോടെയാണു ജയിച്ചത്. ചലച്ചിത്ര താരങ്ങളില്‍ കൊല്ലത്തും സിപിഎമ്മിന്റെ മുകേഷ് വന്‍വിജയം നേടി. ധര്‍മടത്തു പിണറായി വിജയനും വന്‍ ഭൂരിപക്ഷത്തോടെയാണു വിജയിച്ചത്. ഉദുമയില്‍ പ്രതീക്ഷയുണര്‍ത്തിയ യുഡിഎഫിന്റെ കെ സുധാകരന്‍ പരാജയപ്പെട്ടു. കോഴിക്കോട് സൗത്തില്‍ മന്ത്രി എംകെ മുനീര്‍ വിജയിച്ചു.
മലമ്പുഴയില്‍ വി എസ് അച്യുതാനന്ദന്‍ 27000ലേറെ വോട്ടിനു ജയിച്ചു. ഉമ്മന്‍ ചാണ്ടി, കെ എം മാണി എന്നിവര്‍ ജയിച്ചപ്പോള്‍ ഹരിപ്പാട് രമേശ് ചെന്നിത്തല ജയിച്ചു. അതേസമയം മലപ്പുറം ജില്ലയില്‍ യുഡിഎഫ് മുന്നേറ്റത്തിലും എല്‍ഡിഎഫ് അപ്രതീക്ഷിത ലീഡുകള്‍ നേടിയിട്ടുണ്ട്.
തിരുവനന്തപുരത്ത് പതിനാലില്‍ ഒമ്പതും എല്‍ഡിഎഫിന്
അട്ടിമറി വിജയവുമായി അഡ്വ. വി ജോയ് വര്‍ക്കലയില്‍ ചെങ്കൊടി പാറിച്ചപ്പോള്‍ കഴക്കൂട്ടവും നെയ്യാറ്റിന്‍കരയും എല്‍ഡിഎഫ് തിരിച്ചുപിടിച്ചു. 2386 വോട്ടിനാണ് വി ജോയ് നിലവിലെ എംഎല്‍എ വര്‍ക്കല കഹാറിനെ തോല്‍പ്പിച്ചത്. 53102 വോട്ടാണ് വി ജോയ് നേടിയത്. കഹാര്‍ 50716 വോട്ടില്‍ ഒതുങ്ങി.
ആറ്റിങ്ങലില്‍ ബി സത്യന്‍ ജയിച്ചത് 40,383 വോട്ടിനാണ്. ചിറയിന്‍കീഴില്‍ വി ശശിയും മികച്ച വിജയം നേടിയപ്പോള്‍ നെടുമങ്ങാട് യുഡിഎഫിന്റെ സീറ്റ് സി ദിവാകരന്‍ പിടിച്ചെടുത്തു. ചിറയിന്‍കീഴ് എല്‍ഡിഎഫിന്റെ വി ശശി 14322 വോട്ടിനാണു ജയിച്ചത്. വാമനപുരത്ത് ഡി കെ മുരളി 9596 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇടതുകോട്ട കാത്തു. കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന്‍ 7347 വോട്ടിനാണ് മണ്ഡലം പിടിച്ചെടുത്തത്. നിലവിലെ എംഎല്‍എ എം എ വാഹിദ് മൂന്നാമതു പോയി. എന്‍ഡിഎയുടെ വി മുരളീധരനാണ് രണ്ടാമത്. കടകംപള്ളി 50079 വോട്ടു നേടിയപ്പോള്‍ മുരളീധരന്‍ 43732 വോട്ടു നേടി.
നെയ്യാറ്റിന്‍കരയില്‍ കെ ആന്‍സലന് 9314 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. ആന്‍സലന്‍ 62828 വോട്ടു നേടിയപ്പോള്‍ നിലവിലെ എംഎല്‍എ ആര്‍ സെല്‍വരാജ് 53514 വോട്ടു നേടി. പാറശാലയില്‍ നിലവിലെ എംഎല്‍എ എ ടി ജോര്‍ജിനെ പരാജയപ്പെടുത്തിയാണ് എല്‍ഡിഎഫിന്റെ സി കെ ഹരീന്ദ്രന്‍ ജയിച്ചുകയറിയത്. കാട്ടാക്കടയില്‍ സ്പീക്കര്‍ എന്‍ ശക്തനെ അട്ടിമറിച്ചാണ് എല്‍ഡിഎഫിന്റെ യുവ നേതാവ് ഐ ബി സതീഷ് വിജയം കൊയ്തത്. വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, അരുവിക്കര മണ്ഡലങ്ങള്‍ യുഡിഎഫ് നിലനിര്‍ത്തിയപ്പോള്‍ കോവളം എല്‍ഡിഎഫില്‍ നിന്നു പിടിച്ചെടുക്കാന്‍ യുഡിഎഫിനു കഴിഞ്ഞു. തിരുവനന്തപുരത്തു യുഡിഎഫിന്റെ വി എസ് ശിവകുമാര്‍ ജയിച്ചത് 11259 വോട്ടിനാണ്. എല്‍ഡിഎഫിന്റെ ആന്റണി രാജുവാണ് രണ്ടാമത്. ഇവിടെ മത്സരിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി എസ് ശ്രീശാന്ത് മൂന്നാം സ്ഥാനം നേടി.
കൊല്ലം തൂത്തുവാരി എല്‍ഡിഎഫ്
കൊല്ലത്തെ പത്തുസീറ്റിലും വ്യക്തമായ ആധിപത്യമാണ് എല്‍ഡിഎഫ് നേടിയത്. മന്ത്രി ഷിബു ബേബിജോണിനെ തോല്‍പ്പിച്ചു ചവറ മണ്ഡലം പിടിച്ചെടുത്ത എന്‍ വിജയന്‍പിള്ളയും താരമായി. ചലച്ചിത്രതാരങ്ങളായ കെ ബി ഗണേശ് കുമാറും എം മുകേഷും എല്‍ഡിഎഫിനായി വിജയം കൊയ്തു. മുന്‍ മന്ത്രി മുല്ലക്കര രത്‌നാകരന്‍, ആര്‍എസ്പിയില്‍ നിന്ന് അടര്‍ന്ന് ഇടതുപക്ഷത്തേക്കു വന്ന കോവൂര്‍ കുഞ്ഞുമോന്‍, രാജ്‌മോഹന്‍ ഉണ്ണിത്താനെ തോല്‍പ്പിച്ച ജെ മേഴ്‌സിക്കുട്ടിയമ്മ എന്നിവര്‍ കൊല്ലം ചുവപ്പിച്ചു.
കുന്നത്തൂരില്‍ എല്‍ഡിഎഫിന്റെ കോവൂര്‍ കുഞ്ഞുമോന്‍ 20529 വോട്ടിനാണു ജയിച്ചത്. പത്തനാപുരത്ത് ഗണേശ് കുമാര്‍ ജയിച്ചത് 24562 വോട്ടിനാണ്. ഇരവിപുരത്ത് എം നൗഷാദ് യുഡിഎഫിന്റെ എ എ അസീസിനെ തോല്‍പ്പിച്ചത് 28803 വോട്ടിനാണ്. ചാത്തന്നൂരില്‍ എല്‍ഡിഎഫിന്റെ ജി എസ് ജയലാല്‍ 34407 വോട്ടിനാണു ജയിച്ചത്. എന്‍ഡിഎയുടെ ബി ബി ഗോപകുമാറാണ് ഇവിടെ രണ്ടാമതെത്തിയത്. ചവറയില്‍ ഷിബു ബേബി ജോണ്‍ എല്‍ഡിഎഫിന്റെ എന്‍ വിജയന്‍ പിള്ളയോടു തോറ്റത് 6189 വോട്ടിനാണ്.
അഞ്ചുസീറ്റില്‍ നാലും നേടി സമഗ്രാധിപത്യമാണ് പത്തനംതിട്ടയില്‍ എല്‍ഡിഎഫ് നേടിയത്. ആറന്മുളയില്‍ മുമ്പ് ഇടതു സ്വതന്ത്രനായി കടമ്മനിട്ട രാമകൃഷ്ണനെ നിര്‍ത്തി ജയിപ്പിച്ച സിപിഎമ്മിന് ഇക്കുറിയും പിഴച്ചില്ല. മാദ്ധ്യമപ്രവര്‍ത്തക വീണ ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയാക്കിയ തന്ത്രം വിജയിക്കുക തന്നെ ചെയ്തു. മുന്മന്ത്രി മാത്യു ടി തോമസ്, രാജു എബ്രഹാം, ചിറ്റയം ഗോപകുമാര്‍ എന്നിവര്‍ ഇടതുപക്ഷത്തിനായി വിജയിച്ചു. വിവാദങ്ങളില്‍പ്പെട്ടെങ്കിലും മന്ത്രി അടൂര്‍ പ്രകാശ് കോന്നി സീറ്റ് യുഡിഎഫിനു വേണ്ടി നിലനിര്‍ത്തി.ആലപ്പുഴയില്‍ ഒന്നിനെതിരെ എട്ടു ഗോളിനാണ് എല്‍ഡിഎഫിന്റെ ജയം. മന്ത്രി രമേശ് ചെന്നിത്തല മത്സരിച്ച ഹരിപ്പാടു മാത്രമാണ് യുഡിഎഫിനു ജയിക്കാനായത്. ബാക്കിയെല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫ് വന്‍ വിജയമാണു നേടിയത്. അരൂരില്‍ എ എം ആരിഫും ആലപ്പുഴയില്‍ ഡോ. ടി എം തോമസ് ഐസക്കും മാവേലിക്കരയില്‍ ആര്‍ രാജേഷും 30,000ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു.
കോട്ടയത്തെ ഒമ്പതു സീറ്റില്‍ ആറും കൈക്കലാക്കാന്‍ കഴിഞ്ഞതാണ് ഇടതുതരംഗത്തിലും യുഡിഎഫിന് അല്‍പ്പം ആശ്വാസം പകര്‍ന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രിമാരായ കെ എം മാണിയും മോന്‍സ് ജോസഫും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ജയിച്ചുകയറി. സി കെ ആശ, സുരേഷ് കുറുപ്പ് എന്നിവര്‍ എല്‍ഡിഎഫിനായി വെന്നിക്കൊടി പാറിച്ചപ്പോള്‍ ഒരു മുന്നണിയുടെയും സഹായമില്ലാതെ 27,281 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു മുന്‍ ചീഫ് വിപ്പ് പി സി ജോര്‍ജും താരമായി.
അഞ്ചില്‍ മൂന്നു മണ്ഡലങ്ങളും കൈക്കലാക്കി ഇടതുമുന്നണി ഇടുക്കിയിലും മുന്നിലെത്തി. ആശാന്‍ എന്നു നാട്ടുകാര്‍ സ്‌നേഹത്തോടെ വിളിക്കുന്ന എം എം മണി 1109 വോട്ടിനാണ് ഉടുമ്പന്‍ചോലയില്‍ ജയിച്ചു കയറിയത്. ദേവികുളത്ത് എസ് രാജേന്ദ്രനും പീരുമേട്ടില്‍ ഇ എസ് ബിജിമോളും എല്‍ഡിഎഫിനായി ജയിച്ചു. ബിജിമോളുടെ വിജയം 314 വോട്ടിനാണ്. അതിനിടെ,സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ (45,587) മന്ത്രി പി ജെ ജോസഫ് തൊടുപുഴയില്‍ ജയിച്ചു കയറി. ഇടുക്കിയിലെ റോഷി അഗസ്റ്റിനാണ് ജയിച്ച മറ്റൊരു യുഡിഎഫ് സ്ഥാനാര്‍ത്ഥി.
പ്രതീക്ഷിച്ച പല സീറ്റുകളും കൈവിട്ടെങ്കിലും എറണാകുളത്തു മുന്നിലെത്തിയത് യുഡിഎഫാണ്. 14ല്‍ ഒമ്പതു സീറ്റു നേടാനായത് നാണക്കേടു കുറയ്ക്കാന്‍ യുഡിഎഫിനെ സഹായിച്ചു. എങ്കിലും മന്ത്രി കെ ബാബുവിനെ ഉള്‍പ്പെടെ തോല്‍പ്പിച്ച് അഞ്ചു സീറ്റു നേടിയ എല്‍ഡിഎഫും വിജയത്തിന്റെ തിളക്കം ഒട്ടും കുറച്ചില്ല. മന്ത്രിമാരായ ഇബ്രാഹിം കുഞ്ഞും അനൂപ് ജേക്കബും സീറ്റു നിലനിര്‍ത്തിയപ്പോഴാണ് കെ ബാബുവിനു തോല്‍വി പിണഞ്ഞത്. സിപിഎമ്മിന്റെ ശക്തനായ യുവസാരഥി എം സ്വരാജാണു ബാബുവിനെ പരാജയപ്പെടുത്തിയത്.
വോട്ടിങ് യന്ത്രവുമായി ബന്ധപ്പെട്ട അനിശ്ചിതത്വമുണ്ടായിരുന്ന വടക്കാഞ്ചേരി സീറ്റിന്റെ കാര്യം മാറ്റിനിര്‍ത്തിയാല്‍ തൃശൂരില്‍ ഇടതുമുന്നണിക്കു സമ്പൂര്‍ണ വിജയമാണ്. 13ല്‍ 12 സീറ്റും എല്‍ഡിഎഫ് കരസ്ഥമാക്കി. പ്രതിസന്ധിയുണ്ടാകുമ്പോള്‍ വടക്കാഞ്ചേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അനില്‍ അക്കര മൂന്നു വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയേക്കാള്‍ മുന്നിലായിരുന്നു. പിന്നീട് അനില്‍ അക്കരയുടെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. 43 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അനില്‍ അക്കര എല്‍ഡിഎഫിന്റെ മേരി തോമസിനെ തോല്‍പ്പിച്ചത്.
ജെഎന്‍യു വിവാദത്തിലൂടെ ദേശീയ ശ്രദ്ധയാകര്‍ഷിച്ച കനയ്യ കുമാര്‍ ഉജ്വല പ്രസംഗത്തിലൂടെ കൈയിലെടുത്ത പട്ടാമ്പിയിലെ വിജയം ഉള്‍പ്പെടെ ഗംഭീര പ്രകടനം തന്നെയാണ് പാലക്കാട്ട് ഇടതുമുന്നണി കാഴ്ചവച്ചത്. പട്ടാമ്പിയില്‍ മുഹമ്മദ് മുഹ്‌സിന്‍ 7404 വോട്ടിനാണു ജയിച്ചത്. ആകെയുള്ള 12ല്‍ 9 സീറ്റും ഇടതുമുന്നണി സ്വന്തമാക്കി. മലമ്പുഴയില്‍ വി എസ് അച്യുതാനന്ദന്‍ നേടിയത് 27,142 വോട്ടിന്റെ ഗംഭീര വിജയമാണ്. ഷൊര്‍ണൂരില്‍ പി കെ ശശി 24,547 വോട്ടിനും ആലത്തൂരില്‍ കെ ഡി പ്രസേനന്‍ 36,060 വോട്ടിനും ജയിച്ചത് എല്‍ഡിഎഫ് വിജയത്തിലെ തിളക്കമായി. വി ടി ബല്‍റാം, എന്‍ ഷംസുദീന്‍, ഷാഫി പറമ്പില്‍ എന്നിവരാണ് പാലക്കാട്ടു നിന്നു സഭയിലെത്തിയ യുഡിഎഫുകാര്‍. മലമ്പുഴയിലും പാലക്കാട്ടും എന്‍ഡിഎ രണ്ടാമതെത്തി എന്ന പ്രത്യേകതയുമുണ്ട്.
മലപ്പുറത്തു പതിവുപോലെ ലീഗ് മുന്നേറ്റം തുടര്‍ന്നപ്പോള്‍ അപ്രതീക്ഷിത വിജയവുമായി ഇടതുമുന്നണിയും തിളങ്ങി. ആകെയുള്ള 16 സീറ്റില്‍ 12 എണ്ണം യുഡിഎഫ് കൈക്കലാക്കിയപ്പോള്‍ 4 സീറ്റില്‍ ഇടതുപക്ഷവും ജയിച്ചു. 38,000ലേറെ ഭൂരിപക്ഷത്തിനു ജയിച്ച മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയാണ് മികച്ച വിജയം നേടിയത്. ആര്യാടന്‍ ഷൗക്കത്തിനെ തോല്‍പ്പിച്ച എല്‍ഡിഎഫ് സ്വതന്ത്രന്‍ പി വി അന്‍വറും ശ്രദ്ധനേടി. പി ശ്രീരാമകൃഷ്ണന്‍, കെ ടി ജലീല്‍, വി അബ്ദുറഹ്മാന്‍ എന്നിവരാണ് എല്‍ഡിഎഫിനായി മലപ്പുറത്തു വിജയം നേടിയവര്‍.
രണ്ടു സീറ്റൊഴികെ ബാക്കിയെല്ലാം നേടി കോഴിക്കോട്ടും ഇടതുമുന്നണി തരംഗം സൃഷ്ടിച്ചു. കുറ്റ്യാടിയില്‍ കെ കെ ലതിക 1157 വോട്ടിനു തോറ്റതു മാത്രമാണ് ഇടതുപക്ഷത്തിന് അപ്രതീക്ഷിതമായത്. പാറക്കല്‍ അബ്ദുള്ളയാണ് ലതികയെ തോല്‍പ്പിച്ചത്. മന്ത്രി എം കെ മുനീറാണ് ഇവിടെ നിന്നു ജയിച്ച മറ്റൊരു യുഡിഎഫ് സ്ഥാനാര്‍ത്ഥി.
വയനാട്ടിലെ മൂന്നു സീറ്റില്‍ രണ്ടിലും വിജയം കൊയ്തത് ഇടതുമുന്നണിയാണ്. സിപിഐ(എം) ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു കല്‍പ്പറ്റയില്‍ മത്സരിച്ച സി കെ ശശീന്ദ്രന്റേതാണ് ഇതില്‍ തിളക്കമാര്‍ന്ന വിജയം. ജനതാദള്‍ നേതാവും നിലവിലെ എംഎല്‍എയുമായ എം വി ശ്രേയാംസ് കുമാറിനെ 13,083 വോട്ടിനാണു ശശീന്ദ്രന്‍ തോല്‍പ്പിച്ചത്. മാനന്തവാടിയില്‍ മന്ത്രി പി കെ ജയലക്ഷ്മിയെ എല്‍ഡിഎഫിന്റെ ഒ ആര്‍ കേളു തോല്‍പ്പിച്ചത് 1307 വോട്ടിനാണ്. സുല്‍ത്താന്‍ ബത്തേരിയിലെ ഐ സി ബാലകൃഷ്ണനാണ് ജില്ലയിലെ ഏക യുഡിഎഫ് പ്രാതിനിധ്യം.
എല്‍ഡിഎഫിന്റെ വ്യക്തമായ ആധിപത്യം തന്നെയാണു കണ്ണൂരില്‍ കണ്ടത്. പ്രമുഖ സ്ഥാനാര്‍ത്ഥികളൊക്കെ എല്‍ഡിഎഫിനായി വെന്നിക്കൊടി പാറിച്ചു. കല്യാശേരിയില്‍ ടി വി രാജേഷും മട്ടന്നൂരില്‍ ഇ പി ജയരാജനും ജയിച്ചത് വമ്പന്‍ ഭൂരിപക്ഷത്തിലാണ്. ടി വി രാജേഷിന് 42,891 വോട്ടാണു ഭൂരിപക്ഷം. മട്ടന്നൂരില്‍ ഇ പിക്ക് 43,381 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. ധര്‍മടത്തു പിണറായി വിജയന്‍ ജയിച്ചത് 36,905 വോട്ടിനാണ്. പയ്യന്നൂരില്‍ എല്‍ഡിഎഫിന്റെ സി കൃഷ്ണന്‍ 40,263 വോട്ടിനു ജയിച്ചു. തളിപ്പറമ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയിംസ് മാത്യു 40,617 വോട്ടിനു ജയിച്ചു.
കണ്ണൂര്‍ മണ്ഡലത്തില്‍ സതീശന്‍ പാച്ചേനിയെ തോല്‍പ്പിച്ച രാമചന്ദ്രന്‍ കടന്നപ്പള്ളിയും എല്‍ഡിഎഫ് വിജയത്തിനു മാധുര്യമേറ്റി. തലശേരിയില്‍ എല്‍ഡിഎഫിന്റെ എ എന്‍ ഷംസീര്‍ 34,117 വോട്ടിനു ജയിച്ചു. കൂത്തുപറമ്പില്‍ എല്‍ഡിഎഫിന്റെ കെ കെ ശൈലജ ടീച്ചര്‍ 12291 വോട്ടിനു ജയിച്ചു.
ഇരിക്കൂറില്‍ വിമതശല്യം അതിജീവിച്ച മന്ത്രി കെ സി ജോസഫ്, അഴിക്കോട് മാദ്ധ്യമപ്രവര്‍ത്തകന്‍ എം വി നികേഷ് കുമാറിനെ തോല്‍പ്പിച്ച കെ എം ഷാജി, പേരാവൂരില്‍ സണ്ണി ജോസഫ് എന്നിവരാണു ജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍. കാസര്‍കോട്ടെ അഞ്ചില്‍ മൂന്നു നേടി എല്‍ഡിഎഫാണ് ആധിപത്യമുറപ്പിച്ചത്. ഉദുമയില്‍ കെ സുധാകരനെ തോല്‍പ്പിച്ച കെ കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ഇ ചന്ദ്രശേഖരന്‍, തൃക്കരിപ്പൂരില്‍ എം രാജഗോപാലന്‍ എന്നിവരാണ് ജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍. കാഞ്ഞങ്ങാട് എല്‍ഡിഎഫിന്റെ ഇ ചന്ദ്രശേഖരന്‍ 26011 വോട്ടിനാണു ജയിച്ചത്. മഞ്ചേശ്വരത്തും കാസര്‍കോട്ടും യുഡിഎഫ് ജയിച്ചപ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ രണ്ടാമതെത്തി.